Kuwait
കുവൈത്തില്‍ 1400 വര്‍ഷം പഴക്കമുള്ള നീരുറവയുള്ള കിണര്‍ കണ്ടെത്തി
പഴക്കമേറിയ പാത്രങ്ങളും കണ്ടെത്തി

കുവൈത്ത് സിറ്റി | കുവൈത്തിലെ ഫൈലക ദ്വീപില്‍ 1400 വര്‍ഷം പഴക്കമുണ്ടെന്ന് സംശയിക്കുന്ന കിണര്‍ കണ്ടെത്തിയതായി കുവൈത്ത് പുരാവസ്തു വകുപ്പ്. വലിയ വിസൃതിയിലുള്ള കിണറില്‍ നിലവില്‍ നീരൊഴുക്കുണ്ടെന്ന് കുവൈത്ത് പുരാവസ്തു പകുപ്പ് സഹ മേധാവി മുഹമ്മദ് ബിന്‍ റിദ പറഞ്ഞു. കിണറിനടുത്തായി കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയതായും അവര്‍ പറഞ്ഞു.
ക്രിസ്താബ്ദം ഏഴ്- എട്ട് നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഒരു പാര്‍പ്പിടത്തോട് ചേര്‍ന്നുള്ളതാകാം കിണറെന്നാണ് നിഗമനം. 1300 മുതല്‍ 1400 വരെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പാത്രങ്ങളും മറ്റും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പും ആദ്യ കാല ഇസ്ലാമിക കാലഘട്ടം വരെയും നീളുന്ന ചരിത്ര ശേഷിപ്പുകളാണ് ഇവയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
കുവൈത്ത്- സ്ലോവാക്യ സംയുക്ത പുരാവസ്തു ഗവേഷക സംഘത്തിന്റെ 2019 മുതലുള്ള പര്യവേഷണത്തിനിടയില്‍ കുവൈത്തിലെ ഫൈലക്ക് ദ്വീപിന്റെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍ ഖസൂര്‍ ഏരിയയിലാണ് ഇവ കണ്ടെത്തിയത്. ഫൈലക്ക ദ്വീപിലെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണിത്.
വിവിധ ചരിത്രകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന സുപ്രധാന പുരാവസ്തു കേന്ദ്രമായ ഈ പ്രദേശത്ത് നിന്നുള്ള പുതിയ കണ്ടെത്തല്‍ ദ്വീപിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നാഴികക്കല്ലായി മാറുമെന്നാണ് അനുമാനിക്കുന്നത്.