Connect with us

Kerala

സംസ്ഥാനത്ത് 14,700 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് തലചായ്ക്കാനൊരിടം ഇല്ല

ഇന്റര്‍നെറ്റ് സിഗ്നല്‍ ലഭിക്കാത്ത 189 ഊരുകളും

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് 14,700 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭവനങ്ങളില്ല. സംസ്ഥാനത്ത പട്ടിക വര്‍ഗങ്ങളുടെ 10 ശതമാനം കുടുംബങ്ങള്‍ക്കാണ് തലചായ്ക്കാനൊരിടം ഇല്ലാതെ പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്നത്. നിലവില്‍ 1,47,868 പട്ടിക വര്‍ഗ കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത 7,449 പട്ടിക വര്‍ഗ കുടുംബങ്ങളും സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടില്ലാത്ത 7,251 പട്ടിക വര്‍ഗ കുടുംബങ്ങളും ഭവനരഹിത പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലാൻഡ് ബേങ്ക് പദ്ധതി പ്രകാരം 218 പേര്‍ക്ക് 41.12 ഏക്കര്‍ ഭൂമിയും നിക്ഷിപ്ത വനഭൂമി വിതരണ പദ്ധതി പ്രകാരം 117 പേര്‍ക്ക് 52.20 ഏക്കര്‍ ഭൂമിയും വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, വനാവകാശ നിയമ പ്രകാരം 2,302 പേര്‍ക്ക് 2617.21 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖയും വിതരണം ചെയ്തു. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഭൂ, ഭവന രഹിതരായി കണ്ടെത്തിയതില്‍ 872 പേര്‍ കരാറില്‍ ഏര്‍പ്പെട്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 552 പേര്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് നാളിതുവരെ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നുള്ളതിന് വിവരം ശേഖരിച്ചുവരുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം അനുകൂല്യം ലഭിച്ചിട്ടുള്ള കണക്കും നിലവില്‍ സര്‍ക്കാറിന്റെ പക്കലില്ല. ഒരു തരത്തിലുമുള്ള ഇന്റര്‍നെറ്റ്, മൊബൈല്‍ സിഗ്നല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത 189 ഊരുകളും സംസ്ഥാനത്ത നിലവിലുണ്ട്. ഇവിടെ 395 വിദ്യാര്‍ഥികള്‍ വസിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ദളിത് വിദ്യാര്‍ഥികള്‍ക്ക് എതിരായ വിവേചനങ്ങളും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. 2016-21 സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്തെ വിവിധ ക്യാംപസുകളില്‍ നിന്നും പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കെതിരായ വിവേചനങ്ങള്‍ സംബന്ധിച്ച 13 പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ക്യാംപസുകളില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിവേചനം നേരിടാന്‍ കാരണമാവുന്ന സാഹചര്യത്തെ കുറിച്ച് നിലവില്‍ പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പ് പഠനം നടത്തിയിട്ടില്ലെന്നും നിയമസഭാ രേഖകളില്‍ നിന്നും വ്യക്തമാകുന്നു.