Wayanad Disaster
വയനാട് ദുരന്തം കണ്ട് പ്രധാനമന്ത്രി മടങ്ങിയിട്ട് 15 നാള്‍; സഹായ പ്രഖ്യാപനം ഉണ്ടായില്ല
വയനാട്ടിലെ രണ്ട് ഗ്രാമങ്ങളെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ ആഘാതം നേരിട്ട് മനസ്സിലാക്കാന്‍ ദുരന്തം നടന്ന് പന്ത്രണ്ടാമത്തെ ദിവസമാണ് പ്രധാനമന്ത്രി നേരിട്ട് എത്തിയത്
ബത്തേരി | രാജ്യത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചു പോയിട്ട് 15 നാള്‍ പിന്നിട്ടു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരേയും വയനാടിനായി ഒരു സാമ്പത്തിക പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. വന്‍ മനുഷ്യക്കുരുതിയുണ്ടായ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
വയനാട്ടിലെ രണ്ട് ഗ്രാമങ്ങളെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ ആഘാതം നേരിട്ട് മനസ്സിലാക്കാന്‍ ദുരന്തം നടന്ന് പന്ത്രണ്ടാമത്തെ ദിവസമാണ് പ്രധാനമന്ത്രി നേരിട്ട് എത്തിയത്. അന്ന് തന്നെ അടിയന്തര സഹായം പ്രഖ്യാപിക്കും എന്ന പ്രതീക്ഷ തെറ്റി. കേന്ദ്ര വിദഗ്ധസംഘം വയനാട്ടില്‍ എത്തി ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേരളം നാശനഷ്ടത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചാല്‍ സഹായം നല്‍കാമെന്നായിരുന്നു കേന്ദ്ര നിലപാട്.
കേരളം വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വൈകാതെ സഹായം ലഭ്യമാകും എന്ന പ്രതീക്ഷയില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടും കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല. 900 കോടിയുടെ ആദ്യഘട്ട സഹായം ആവശ്യപ്പെട്ടുള്ള നിവേദനം ഈ മാസം 18ന് നല്‍കിയിരുന്നു.
രണ്ടു ഭാഗങ്ങളിലായാണ് കേരളം മെമ്മോറാണ്ടം സമര്‍പ്പിച്ചത്. കണക്കുകള്‍ വെച്ച് 1,800 കോടിയുടെ നഷ്ടമുണ്ടായെന്നും 900 കോടി ആദ്യഘട്ടത്തില്‍ അനുവദിക്കണമെന്നുമാണ് ഈ മാസം 18ന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഓഗസ്റ്റ് 24നാണ് ഇക്കാര്യം റവന്യൂ മന്ത്രി വെളിപ്പെടുത്തിയത്. നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കും പുനരധിവാസം ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ തുകയും മറ്റൊരു മെമ്മോറാണ്ടമായി നല്‍കുമെന്നാണ് അറിയുന്നത്.
ദുരന്തമേഖലയില്‍ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം സ്ഥിരം പുനരധിവാസം സാധ്യമാവുന്ന ടൗണ്‍ഷിപ്പ്, തകര്‍ന്ന പ്രദേശങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ വലിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ദുരന്തഭൂമിയില്‍ ഇന്നും വിദഗ്ധ സംഘം തിരച്ചില്‍ തുടരുന്നുണ്ട്.