Connect with us

Kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; 20 പേര്‍ക്ക് പരുക്ക്

രണ്ട് പേരുടെ നില ഗുരുതരം

Published

|

Last Updated

കണ്ണൂര്‍ | തളിപ്പറമ്പിനടുത്ത്‌ വളക്കൈയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ്  വിദ്യാർഥിനി മരിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. 20 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതര പരുക്കേറ്റവരിൽ ഒരാളെ കണ്ണൂർ പരിയാരം മെഡി. കോളജിലും 11 പേരെ  തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകിട്ട് 4.30 ഓടെയാണ് സംഭവം.  സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം നടന്നത്. കുത്തനെയുള്ള ചെറിയ പാതയായ അങ്കൺവാടി കിഴാത്ത് റോഡിൽ നിന്ന് വളക്കൈ വിയറ്റ്നാം  സംസ്ഥാനപാതയിലേക്ക് നിയന്ത്രണം നഷ്ടമായി അമിതവേഗതയിലെത്തിയ ബസ്  ഒന്നിലേറെ തവണ മറിഞ്ഞാണ് നിന്നത്. ബ്രൈക്ക് നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തിൽ ഡ്രൈവർക്കും ആയക്കും പരുക്കേറ്റിട്ടുണ്ട്.

ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ബസിൻ്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു മരിച്ച നേദ്യ. ഡ്രൈവറുടെ സീറ്റിനരികെയായിരുന്നു നേദ്യ ഉണ്ടായിരുന്നത്.  ബസ് ഉയർത്തിയാണ് നേദ്യയെ പുറത്തെടുത്തത്. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു.

അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ.

 

Latest