Connect with us

Kerala

ലാഭത്തില്‍ വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ സാമൂഹിക മാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്

Published

|

Last Updated

അടൂര്‍  | വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞ് യുവതിയില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഉമ്മന്നൂര്‍ വാളകം പൊയ്ക വിളയില്‍ ആര്‍ സുരേഷ് കുമാര്‍(49) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ സാമൂഹിക മാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരത്ത് കവടിയാറുള്ള സ്വകാര്യ കമ്പനിയാലാണ് ജോലി എന്നാണ് യുവതിയോട് സുരേഷ് കുമാര്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തില്‍ വീടും സ്ഥലവും വാങ്ങി തരാം എന്ന് പറഞ്ഞും വിശ്വസിപ്പിച്ചു. പല വീടുകളുടേയും ചിത്രങ്ങള്‍ ഇയാള്‍ യുവതിയ്ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് വീടിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ പണം ആവശ്യപ്പെട്ടു. തന്റെ ബേങ്ക് അക്കൗണ്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ വീട്ടിലെ റബ്ബര്‍ തൊഴിലാളിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് പണം ഇടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യം ഇരുപത്തി അയ്യായിരം രൂപ യുവതി അയച്ചുകൊടുത്തു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ ഇയാള്‍ യുവതിയില്‍ നിന്നും കൈക്കലാക്കി. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ വീട്ടുകാരുടെ സഹായത്തോടെ കവടിയാറില്‍ എത്തി അനൂപ് ജി പിള്ള എന്ന പേരിലുള്ള ആളിനെ തിരക്കിയെങ്കിലും ഇങ്ങനെ ഒരാള്‍ ഇല്ല എന്ന് ബോധ്യമായി. തുടര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അടൂര്‍ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ എസ് എച്ച് ഒ ശ്യാം മുരളി, എസ് ഐമാരായ എ അനീഷ്, കെ എസ് ധന്യ, സുരേഷ് കുമാര്‍, എ എസ് ഐ രാജേഷ് ചെറിയാന്‍, സി പി ഒ രതീഷ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 

Latest