Uae
ദുബൈയില്‍ 15 ദശലക്ഷം വിനോദസഞ്ചാരികളെത്തി
ഈ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ 200,000 ക്രൂയിസ് യാത്രക്കാരെ ദുബൈ സ്വാഗതം ചെയ്തിട്ടുണ്ട്.
ദുബൈ| ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 14.96 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ട് വിനോദസഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബൈ മാറി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണിത്. ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍, ഇവന്റുകള്‍, മറ്റു പരിപാടികള്‍ എന്നിവ ലോകമെമ്പാടുമുള്ള യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കാരണമായിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണത്തിന് അനുസൃതമായി, ദുബൈയിലെ ഹോസ്പിറ്റാലിറ്റി വ്യവസായവും അഭിവൃദ്ധി പ്രാപിച്ചു. ഒക്ടോബര്‍ അവസാനത്തോടെ, നഗരത്തില്‍ 152,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. ദുബൈയെ ഒരു മികച്ച ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനുള്ള അതിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 2024-ല്‍ നിരവധി സെലിബ്രിറ്റികളുടെ നേതൃത്വത്തില്‍ ക്യാമ്പയിനുകളും നടന്നിരുന്നു.
200,000 ക്രൂയിസ് യാത്രക്കാര്‍
ഈ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ 200,000 ക്രൂയിസ് യാത്രക്കാരെ ദുബൈ സ്വാഗതം ചെയ്തിട്ടുണ്ട്. കൂടാതെ, ഈ കാലയളവില്‍ 281,775 യാത്രക്കാര്‍ക്കായി ദുബൈ കസ്റ്റംസ് 1.23 ദശലക്ഷത്തിലധികം ബാഗുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. പോര്‍ട്ട് റാശിദ്, ദുബൈ ഹാര്‍ബര്‍ തുടങ്ങിയ പ്രധാന തുറമുഖങ്ങളില്‍ തടസ്സങ്ങളില്ലാത്ത, ലോകോത്തര സമുദ്ര ടൂറിസം സേവനം നല്‍കിയെന്നും ദുബൈ കസ്റ്റംസിലെ പാസഞ്ചര്‍ ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അഹ്്മദ് വ്യക്തമാക്കി.