From the print
15 വർഷം: രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധന
2009 മുതൽ 2024 വരെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആലപ്പുഴ | ഒന്നര പതിറ്റാണ്ടിനിടെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ വൻ വർധന. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 368 രാഷ്ട്രീയ പാർട്ടികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള രാഷ്ട്രീയ പാർട്ടികളുടെ എണ്ണം 751 ആയി. 2019ൽ 677 രാഷ്ട്രീയ പാർട്ടികളും 2014ൽ 464 പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.
2009 മുതൽ 2024 വരെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ ഡി ആർ) നാഷനൽ ഇലക്്ഷൻ വാച്ചും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്ന് മുതൽ ഏഴാം ഘട്ടംവരെ മത്സരിക്കുന്ന 8,360 സ്ഥാനാർഥികളിൽ 8,337 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് നടത്തിയ പഠന റിപോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8,360 സ്ഥാനാർഥികളിൽ 1,333 പേർ ദേശീയ പാർട്ടികളിൽ നിന്നും 532 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 2,580 പേർ രജിസ്റ്റർ ചെയ്ത അംഗീകൃത പാർട്ടികളിൽ നിന്നുമാണ്. 3,915 സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ സ്ഥാനാർഥികളിൽ 1,643 (20 ശതമാനം) പേർ തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശകലനം ചെയ്ത 7,928 സ്ഥാനാർഥികളിൽ 1,500 (19 ശതമാനം) പേരും 2014ലെ തിരഞ്ഞെടുപ്പിൽ വിശകലനം ചെയ്ത 8,205 സ്ഥാനാർഥികളിൽ 1,404 (17 ശതമാനം) പേരുമായിരുന്നു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആകെയുള്ള 7,810 സ്ഥാനാർഥികളിൽ 1,158 (15 ശതമാനം) പേർ മാത്രമായിരുന്നു ക്രിമിനൽ കേസുകളിലുൾപ്പെട്ടത്. 15 വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പെട്ടവരുടെ എണ്ണം അഞ്ച് ശതമാനം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 1,191 (14 ശതമാനം) സ്ഥാനാർഥികൾ ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഇത് 1,070 (13 ശതമാനം) ഉം 2014ലെ തിരഞ്ഞെടുപ്പിൽ 908 (11 ശതമാനം)ഉം ആയിരുന്നു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 608 (എട്ട് ശതമാനം) പേരാണ് ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർഥികൾ. ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിനിടെ ആറ് ശതമാനത്തിന്റെ വർധനയാണുണ്ടായതെന്ന് ഇലക്്ഷൻ വാച്ച് സംഘടന നടത്തിയ പഠന റിപോർട്ടിൽ വ്യക്തമാക്കുന്നു.