Editors Pick
15 വർഷത്തെ കാവൽ; സ്വീപ്പർ-കീപ്പർ പടിയിറങ്ങുമ്പോൾ
ആധുനിക പ്രൊഫഷണൽ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നുതന്നെ ന്യൂയറെ വിശേഷിപ്പിക്കാം. സ്വീപ്പർ-കീപ്പർ എന്ന ഇരട്ടപ്പേര് ന്യൂയർക്ക് വെറുതേ വീണതല്ല.

ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യുയർ പടിയിറങ്ങിയിരിക്കുന്നു. 15 വർഷത്തെ കളിജീവിതത്തിനാണ് അവസാനം. ഒരുപതിറ്റാണ്ടോളം ജർമനിയുടെ ഒന്നാംനമ്പർ ഗോൾ കീപ്പറായിരുന്നു മുപ്പത്തെട്ടുകാരൻ. ഒളിവർ ഖാനാണ് ജർമനി കണ്ട ഇതിഹാസ ഗോൾ കീപ്പർ. എന്നാൽ മാനുവൽ ന്യൂയർ അതിനും ഒരുപടി മുകളിലാണ്. ആധുനിക പ്രൊഫഷണൽ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നുതന്നെ ന്യൂയറെ വിശേഷിപ്പിക്കാം. സ്വീപ്പർ-കീപ്പർ എന്ന ഇരട്ടപ്പേര് ന്യൂയർക്ക് വെറുതേ വീണതല്ല.
2004ലാണ് ന്യുയർ തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം തുടങ്ങുന്നത്. ജർമൻ ക്ലബ്ബായ ഷാൽക്കെയിലാണ് തുടക്കം. ആദ്യവർഷങ്ങളിൽ ഫസ്റ്റ് ടീമിൽ ഇടംലഭിച്ചില്ല. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ ഷാൽക്കെയുടെ ഫസ്റ്റ് ടീമിൽ എത്തി. 2006‐07ൽ പകരക്കാരനായി ടീമിൽ എത്തിയ ന്യൂയർ ബുണ്ടസ്‌ലീഗയിൽ ഗ്ലൗസ് ഇട്ടു. ആദ്യ കളിയിൽ ചാമ്പ്യൻമാരായിരുന്ന ബയേൺ മ്യൂണിക്കിനെതിരെ സമനില പിടിച്ചതോടെ ന്യൂയർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 2008 ചാമ്പ്യൻസ് ലീഗിൽ പോർട്ടോയ്‌ക്കെതിരെ അസാധ്യമായി ന്യൂയർ പൊരുതി. അത്രയും സേവുകൾ. ന്യൂയർ ഗോൾവല കാത്തപ്പോൾ മത്സരം പെനാൽട്ടിയിലേക്ക് നീങ്ങി. ആ സീസണിൽ ഷാൽക്കെ സെമിയിൽ എത്തിയത് ചരിത്രം.
ആ വർഷം യുവേഫയുടെ ക്ലബ്ബ് ഗോൾകീപ്പർ ഓഫ് ദ സീസൺ പട്ടികയിലേക്ക് അന്നത്തെ 22 കാരനും ഇടംനേടി. ബുണ്ടസ്‌ലീഗ ഗോൾകീപ്പർമാരിൽ ആ നേട്ടം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളായി ന്യുയർ. തൊട്ടടുത്ത സീസണിൽ ന്യൂയറെ ബയേൺ മ്യൂണിക്കിൽ എത്തിക്കാൻ ക്ലബ്ബ് ശ്രമിച്ചെങ്കിലും ഷാൽക്കെ വിട്ടുകൊടുത്തില്ല. ഇതിനിടെ 2009ൽ ജർമൻ ദേശീയ ടീമിൽ ന്യുയർ സ്ഥാനമുറപ്പിച്ചു. 2010ലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സെമിയിൽ ഷാൽക്കെയുടെ ക്യാപ്‌റ്റൻ സ്ഥാനവും ന്യൂയറെ തേടിയെത്തി. ആ സീസണിൽതന്നെ 2011ൽ ബയേൺ മ്യൂണിക്കിൽ അഞ്ച് വർഷത്തെ കരാറിന് ന്യൂയർ ഗോൾകീപ്പറായി. ബയേണിനൊപ്പമുള്ള ന്യൂയറുടെ യാത്ര അവിടെ തുടങ്ങി. ആ യാത്ര ഇന്നും തുടരുന്നു.
2009 മുതൽ ജർമനിയുടെ ഗോൾവല കാത്ത ന്യുയർ 2014 ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു. 124 മത്സരങ്ങളിൽ ജർമനിക്കായി ഇറങ്ങി. ഒരു പതിറ്റാണ്ടോളം ജർമനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായി. എന്നാൽ ജർമനിയുടെ ക്യാപ്‌റ്റനായി ന്യുയർ വേണ്ടത്ര ശോഭിച്ചില്ല. ക്യാപ്‌റ്റനായെത്തിയ 2018ലും 2022ലും ലോകകപ്പിൽ ആദ്യറൗണ്ടിൽ പുറത്തായി. 2026 ലോകകപ്പുവരെ തുടരുമെന്നായിരുന്നു സൂചന. നോയെയും തുടരാൻ താൽപ്പര്യം പ്രകടപ്പിച്ചിരുന്നു. എന്നാൽ, വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായി.
‘ശാരീരികമായി ഞാൻ മികച്ച നിലയിലാണ്. 2026 ലോകകപ്പ് കളിക്കാനുള്ള ആരോഗ്യവുമുണ്ട്. അതേസമയം, വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ബയേണിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും’– നോയെ വിടവാങ്ങിക്കൊണ്ട് പറഞ്ഞു. യൂറോ കപ്പ് ക്വാർട്ടറിൽ സ്‌പെയ്‌നെതിരെയായിരുന്നു ജർമൻ കുപ്പായത്തിലെ അവസാന കളി.
യൂറോ കപ്പിനുശേഷം വിരമിക്കുന്ന നാലാമത്തെ ജർമൻ താരമാണ്. ഇകായ് ഗുൺഡോവൻ, തോമസ് മുള്ളർ, ടോണി ക്രൂസ് എന്നിവരും യൂറോയ്‌ക്കുശേഷം ജർമൻ ടീം വിട്ടിരുന്നു.