Ongoing News
സംഭാവനയായി 15,000 രൂപ നല്‍കണം, ഇല്ലെങ്കില്‍ കാണിച്ചുതരാം; മണല്‍ വാരലുകാരന് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
സി പി എം തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോയാണ് പ്രചരിക്കുന്നത്.

പത്തനംതിട്ട | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥക്ക് 15,000 രൂപ സംഭാവന തന്നില്ലെങ്കില്‍ കാണിച്ചു തരാമെന്ന് മണല്‍ വാരലുകാരന് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. മണല്‍ വാരാന്‍ അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ജാഥയുടെ ഫണ്ടിലേക്ക് പണം നല്‍കണമെന്ന് സി പി എം തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു ആവശ്യപ്പെടുന്നതിന്റെ ഓഡിയോയാണ് പ്രചരിക്കുന്നത്.
3,000 രൂപ വേണേല്‍ തരാമെന്ന് പറയുന്ന മണല്‍ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചു തരാമെന്ന് സെക്രട്ടറി മറുപടി നല്‍കുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. ഒരു ലോഡ് മണല്‍ സൈറ്റില്‍ എത്തുമ്പോള്‍ ലഭിക്കുന്ന പണമാണ് ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു ലോഡ് മണലിന് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 4,000 രൂപ മാത്രമാണെന്നാണ് മണല്‍ വാരലുകാരന്‍ പറയുന്നത്. ഞങ്ങള്‍ കഷ്ടപ്പെട്ട് വാരി ചുമന്നാണ് മണല്‍ എത്തിക്കുന്നതെന്നും അതുകൊണ്ട് എല്ലാവരും ചേര്‍ന്ന് 3,000 രൂപ തരാമെന്നും അതില്‍ കൂടുതല്‍ പറ്റില്ലെന്നും പറയുന്നു. തങ്ങള്‍ കെ ജെ രാജുവെന്ന സി പി എം നേതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മണല്‍ വാരലുകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ജാഥയില്‍ പങ്കെടുക്കാന്‍ ഒരു ബസ് പത്തനംതിട്ട പോകണമെങ്കില്‍ 5,000 രൂപ വേണമെന്നും 15,000 രൂപയില്‍ ഒരു പൈസ പോലും കുറയില്ലെന്നും സെക്രട്ടറി മറുപടി നല്‍കുന്നു. ‘രാജുവല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതൊക്കെ കഴിഞ്ഞ കാലമാണ്. അരുണ്‍ ആണ് ബ്രാഞ്ച് സെക്രട്ടറി. സി പി എമ്മിനെ വെല്ലുവിളിച്ച് നിനക്കൊക്കെ മണല്‍ വാരാന്‍ കഴിയുമോ? നീയൊക്കെ എവിടുന്നൊക്കെ വാരുന്നുണ്ടെന്ന് എനിക്കറിയാം. ഒരു ലോഡ് മണലിന്റെ കാശ് വേണം. അല്ലെങ്കില്‍ പോലീസിനെ കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും. നീയെന്താന്ന് വച്ചാല്‍ അങ്ങ് കാണിക്ക്. 4,000 രൂപ ഒരു ലോഡ് മണലിന് കിട്ടും.’- ബ്രാഞ്ച് സെക്രട്ടറി പ്രതികരിച്ചു.
പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് വാരുന്നത്. അത് കൊട്ടയിലാക്കി ചുമന്ന് വേണം ലോറിയില്‍ കൊണ്ടിടാന്‍. ഒരു ലോഡ് മണല്‍ ലോറിക്കാര്‍ വില്‍ക്കുന്നത് 12,000 രൂപക്കാണ്. എന്നും മണല്‍ വാരലുകാരന്‍ പറയുന്നു.
‘നിങ്ങള്‍ക്ക് എത്ര കിട്ടുമെന്നൊക്കെ വ്യക്തമായി എനിക്കറിയാം. ലോറിക്കാരുടെ കൈയില്‍ നിന്ന് കൂടി വാങ്ങി 15,000 തരണം. അല്ലാത്ത പക്ഷം ഒരുത്തനെയും മണല്‍ വാരാന്‍ അനുവദിക്കില്ല. പോലീസില്‍ അറിയിക്കും.’ ബ്രാഞ്ച് സെക്രട്ടറിയുടെ വെല്ലുവിളി മണല്‍ വാരലുകാരന്‍ തള്ളുന്നിടത്താണ് ഓഡിയോ അവസാനിക്കുന്നത്.