National
കേരളത്തിന് 2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 1,50,140 കോടി രൂപ നികുതി വിഹിതം കൈമാറി: കേന്ദ്ര ധനമന്ത്രി
മതിയായ ബജറ്റ് വിഹിതം അനുവദിക്കാതെ കേരളത്തെ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആരോപണം തള്ളി.
ന്യൂഡല്‍ഹി | മതിയായ ബജറ്റ് വിഹിതം അനുവദിക്കാതെ കേരളത്തെ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആരോപണം തള്ളി കേന്ദ്രം. കേരളത്തിന് 2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 1,50,140 കോടി രൂപ നികുതി വിഹിതം കൈമാറിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 224 ശതമാനം വര്‍ധനയാണിത്.
2004-2014 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപ മാത്രമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തില്‍ 1,43,117 കോടി ഗ്രാന്‍ഡ് ഇന്‍ എയിഡ് ആയി നല്‍കി.
കൊവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ പദ്ധതി ചെലവിനത്തിലും കേരളത്തിനു പണം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍ പറയാതെയാണ് തുക അനുവദിച്ചത്. 2020-21 കാലയളവില്‍ 82 കോടി, 2021-22ല്‍ 239 കോടി, 2022-23ല്‍ 1903 കോടി രൂപയും ധനസഹായം കൈമാറി. 2020-21 വര്‍ഷത്തില്‍ 18,087 കോടി രൂപ അധികമായി കടം വാങ്ങിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.