Connect with us

International

യുക്രൈനിൽ കോപ്റ്റർ തകർന്ന് 16 മരണം

തകർന്നുവീണത് നഴ്സറി കെട്ടിടത്തിൽ; മരിച്ചവരിൽ ആഭ്യന്തര മന്ത്രിയും മൂന്ന് കുട്ടികളും

Published

|

Last Updated

കീവ് | യുക്രൈനിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയടക്കം 16 പേർ മരിച്ചു. തലസ്ഥാനമായ കീവിന് സമീപം നഴ്‌സറി കെട്ടിടത്തിലേക്കാണ് ഫ്രഞ്ച് നിർമിത സൂപർ പ്യൂമ ഹെലികോപ്റ്റർ തകർന്നുവീണത്. കോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും നഴ്‌സറി കെട്ടിടത്തിലും സമീപത്തുമുണ്ടായിരുന്ന മൂന്ന് കുട്ടികളുൾപ്പെടെ ഏഴ് പേരുമാണ് മരിച്ചത്.

ആഭ്യന്തര മന്ത്രിയും റഷ്യക്കെതിരായ യുക്രൈൻ്റെ പ്രതിരോധത്തിൻ്റെ ധീരമുഖമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്ന ഡെനിസ് മൊണാസ്റ്റിർസ്‌കിയും സഹമന്ത്രി യെവ്‌ഹെനി യെനിനുമാണ് മരിച്ച പ്രധാനികൾ. മന്ത്രാലയ ഉദ്യോഗസ്ഥരായിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്നത്. സെലൻസ്‌കി മന്ത്രിസഭയിലെ പ്രമുഖനായ മൊണാസ്റ്റിർസ്‌കിയെ ഒരു ഘട്ടത്തിൽ പ്രസിഡൻ്റ് പദത്തിലേക്കുവരെ പരിഗണിച്ചിരുന്നു.

ദേശീയ എമർജൻസി സർവീസാണ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത്. ഹെലികോപ്റ്റർ പൊടുന്നനെ താഴ്ന്ന് നഴ്‌സറി കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ ഇടിച്ച ശേഷം തകർന്നുവീഴുകയായിരുന്നു. കിഴക്കൻ കീവിലെ ബ്രോവറിയിലാണ് അപകടമുണ്ടായത്. കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗവും പൊള്ളലേറ്റവരാണ്. നഴ്‌സറി കെട്ടിടം പൂർണമായും കത്തിനശിച്ചു.

അപകട കാരണം വ്യക്തമല്ല. റഷ്യയുടെ ആക്രമണ സാധ്യത മാധ്യമങ്ങൾ തള്ളിക്കളയുന്നില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് യുക്രൈൻ അധികൃതർ സൂചന നൽകിയിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടസമയം അന്തരീക്ഷത്തിൽ മഞ്ഞ് മൂടിക്കെട്ടിയിരുന്നുവെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. അപകടം ഏറെ ഞെട്ടിക്കുന്നതാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു.

യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത്രയധികം ഉന്നതർ മരിക്കുന്നത് ഇതാദ്യമാണ്.

Latest