Kerala
പൂട്ടിക്കിടന്ന ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് 16 കാരന്‍ മരിച്ചു
ചാത്തിനാംകുളത്തെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് എത്തിയത്
കൊല്ലം | പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയില്‍ എത്തിയ കുട്ടികളുടെ സംഘത്തിലെ ഒരാള്‍ ചിമ്മിനി തകര്‍ന്നുവീണ് മരിച്ചു.
ചാത്തിനാംകുളം പുത്തന്‍കുളങ്ങര സ്വദേശി അനന്ദു (16) ആണ് മരിച്ചത്. ചാത്തിനാംകുളത്തെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് എത്തിയത്. എന്തിനാണ് കുട്ടികള്‍ അവിടെയെത്തിയതെന്നോ എങ്ങിനെയാണ് അപകടം സംഭവിച്ചതെന്നോ വ്യക്തമല്ല.
ചിമ്മിനി തകര്‍ന്നുവീണ് അനന്ദു അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ പെട്ടു. ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും ഓടിരക്ഷപ്പെട്ടു. ഇവര്‍ തിരികെ വന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അനന്ദുവിനെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടാകര്‍ പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവരെത്തിയാണ് അനന്ദുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.