International
ഗസ്സയില്‍ പ്രതിദിനം 160 കുട്ടികള്‍ കൊല്ലപ്പെടുന്നു; ലോകാരോഗ്യ സംഘടന
ഗസ്സയില്‍ അംഗഭംഗം വന്ന കുട്ടികള്‍ ആയിരക്കണക്കിനാണ്.
ജനീവ| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം അതിരൂക്ഷമായാണ് തുടരുന്നത്. ആക്രമണത്തില്‍ ഒന്നും അറിയാത്ത നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് ഇല്ലാതായത്. ഗസ്സയില്‍ പ്രതിദിനം 160 കുട്ടികള്‍ കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അംഗഭംഗം വന്ന കുട്ടികള്‍ ആയിരക്കണക്കിനാണുണ്ടെന്നും 16 ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ ജനീവയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 89 യു.എന്‍ ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. മരണത്തിന്റെയും തോത് കണക്കാക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനം ഇല്ലാത്തതിനാല്‍ ഗസ്സയിലെ 14 ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണ്. അതേസമയം ചില ആശുപത്രികള്‍ ഇസ്‌റാഈല്‍ പൂര്‍ണമായും തകര്‍ത്തിട്ടുമുണ്ട്. ഒരു ദിവസം ഏകദേശം 500 ട്രക്കുകള്‍ക്ക് സുരക്ഷിതമായി ഗസ്സയില്‍ പ്രവേശനം അനുവദിക്കണമെന്നും ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ പറഞ്ഞു.
ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ബുധനാഴ്ച രാവിലെ വരെ മരണസംഖ്യ 10,328 ആണ്. 24,408 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മൊത്തം മരണങ്ങളില്‍ 67 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. 1,350 കുട്ടികള്‍ ഉള്‍പ്പെടെ 2,450 പേരെ കാണാതായതായും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.