Connect with us

kabul evacution

24 മണിക്കൂറിനിടെ കാബൂളില്‍നിന്നും രക്ഷപ്പെടുത്തിയത് 16,000 പേരെ

Published

|

Last Updated

വാഷിങ്ടണ്‍  | താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരവെ അവസാന 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 16,000 പേരെ രക്ഷപ്പെടുത്തിയതായി അമേരിക്ക.ആഗസ്റ്റ് 31 വരെ അമേരിക്ക രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പെന്റഗണ്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും വഹിച്ച് പറന്നുയര്‍ന്നത്. രക്ഷപ്പെടുത്തിയ 16,000 പേരില്‍ 11,000 പേരെയും അമേരിക്കയാണ് രക്ഷപ്പെടുത്തിയത്. ജൂലൈ മുതല്‍ ആകെ 42,000 പേരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ 37,000 പേരും താലിബാന്‍ കാബൂളിലേക്ക് നീങ്ങിയതിനു പിന്നാലെ ആഗസ്റ്റ് 14 മുതല്‍ രക്ഷപ്പെട്ടവരാണ്.

ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവെപ്പിലും പത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവെപ്പിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മന്‍ മിലിട്ടറിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

 

Latest