Kerala
41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം
കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദ,ബിരുദാനന്തര,ഗവേഷണ കോഴ്‌സുകളിൽ പഠിക്കുന്നവരാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കേരളീയത്തിന്റെ സംഘാടസമിതി ഓഫീസ് കൂടിയായ കനകക്കുന്ന് പാലസിൽ നിറഞ്ഞുനിന്നത്.
തിരുവനന്തപുരം | രാജ്യാന്തര വിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും സാംസ്‌കാരിക ആഘോഷവും സംഘടിപ്പിച്ചത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബെനിൻ, ബോട്ട്‌സാന, കാമറൂൺ, ചാഡ്, കൊളംബിയ, കൊമോറോസ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കെനിയ, ലാവോസ്, ലെസോത്തോ, മലാവി, മലേഷ്യ, മാലി, മൗറീഷ്യസ്, കമൊസാംബിക്യൂ, നമീബിയ, നേപ്പാൾ, നൈജീരിയ, പലസ്തീൻ, റുവാൻഡ, സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സിറിയ, താജിക്കിസ്ഥാൻ, താൻസാനിയ, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, തുർക്ക്‌മെനിസ്ഥാൻ,ഉഗാണ്ട, വിയറ്റ്‌നാം,യെമൻ,സാംബിയ,സിംബാബ്‌വെ എന്നീ 41 രാജ്യങ്ങളിൽ നിന്നെത്തിയ 162 വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.
കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദ,ബിരുദാനന്തര,ഗവേഷണ കോഴ്‌സുകളിൽ പഠിക്കുന്നവരാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കേരളീയത്തിന്റെ സംഘാടസമിതി ഓഫീസ് കൂടിയായ കനകക്കുന്ന് പാലസിൽ നിറഞ്ഞുനിന്നത്. ബിരുദതലത്തിൽ പഠിക്കുന്ന 28 വിദ്യാർഥികൾ, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 62 വിദ്യാർഥികൾ, ഗവേഷകരായ 52 പേർ എന്നിവരാണ് കേരളീയത്തിന്റെ ഭാഗമാകാൻ എത്തിയത്.