From the print
ഗസ്സയില്‍ 163 പേര്‍ കൊല്ലപ്പെട്ടു
24 മണിക്കൂറിനിടെ 163 പേര്‍ കൊല്ലപ്പെട്ടുവെന്നും 350 ഓളം പേര്‍ക്ക് പരുക്കേറ്റതായും ഗസ്സാ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
ഗസ്സാ സിറ്റി | നൂറ് ദിവസം പിന്നിട്ടിട്ടും ഗസ്സയിലെ അധിനിവേശ ആക്രമണങ്ങളില്‍ അറുതി വരുത്താതെ ഇസ്റാഈല്‍ സൈന്യം. ഗസ്സയിലെ ഓരോ മനുഷ്യരും വിശപ്പിന്റെ കാഠിന്യം അനുഭവിക്കുന്നവരാണെന്ന യു എന്‍ റിപോര്‍ട്ടിന് പിന്നാലെ ഗസ്സയില്‍ വ്യാപക ആക്രമണങ്ങളാണ് ഇസ്റാഈല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ 163 പേര്‍ കൊല്ലപ്പെട്ടുവെന്നും 350 ഓളം പേര്‍ക്ക് പരുക്കേറ്റതായും ഗസ്സാ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 24,448 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടുവെന്നും 61,504 പേര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ ഗസ്സയില്‍ നിന്നും ഖാന്‍ യൂനുസ് അടക്കമുള്ള തെക്കന്‍ നഗരങ്ങളില്‍ നിന്നും ഇസ്റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഈജിപ്തിനോട് ചേര്‍ന്ന റഫയിലേക്ക് പതിനായിരങ്ങള്‍ പലായനം ചെയ്തതിന് പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ചാണ് ഇസ്റാഈല്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഒരേസമയം വ്യോമ, കരയാക്രമണങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇതോടെ തെക്കന്‍ റഫയില്‍ നിന്ന് ആയിരങ്ങള്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്തിട്ടുണ്ട്.
ആശുപത്രികള്‍ തകര്‍ന്നു
ഇസ്റാഈല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആശുപത്രികള്‍ തകര്‍ന്നതായി ജോര്‍ദാന്‍ വ്യക്തമാക്കി. ജോര്‍ദാന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാന്‍ യൂനുസിലെ ആശുപത്രി പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജോര്‍ദാന്‍ അറിയിച്ചത്.