Connect with us

excise case

16,693 അബ്കാരി കേസുകൾ; പിഴ 1.17 കോടി

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | എക്‌സൈസ് വകുപ്പിന്റെ ഇടപെടലിൽ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 16,693 അബ്കാരി കേസുകൾ. 2021 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ഇതിന് പുറമേ 3,231 എൻ ഡി പി എസ് കേസുകളും 68,733 കോട്പ കേസുകളുമുണ്ട്.

ഇതിലൂടെ 17,147.7 ലിറ്റർ സ്പിരിറ്റും 10,180.6 ലിറ്റർ ചാരായവും 6,35,586 ലിറ്റർ വാഷും 22,942.7 ലിറ്റർ അന്യസംസ്ഥാന മദ്യവും 4,414.4 കിലോഗ്രാം കഞ്ചാവും 713 കഞ്ചാവ് ചെടികളും 14.869 കിലോഗ്രാം ഹാഷിഷും 95.44 ഗ്രാം ബ്രൗൺ ഷുഗറും 2,684.37 ഗ്രാം എം ഡി എം എയും 3.21 ഗ്രാം എൽ എസ് ഡി സ്റ്റാന്പും 820.36 ഗ്രാം നാർക്കോട്ടിക് ഗുളികകളും പിടിച്ചെടുത്തു.കോട്പ പിഴ ഇനത്തിൽ 1,17,29,400 രൂപയാണ് ഈടാക്കിയത്.

2021 ഒക്ടോബറിൽ മാത്രമായി 1,516 അബ്കാരി കേസുകളും 354 എൻ ഡി പി എസ് കേസുകളുമെടുത്തിട്ടുണ്ട്.

ഇതിലൂടെ 375.2 ലിറ്റർ ചാരായം, 20127 ലിറ്റർ വാഷ്, 859.5 ലിറ്റർ അന്യസംസ്ഥാന മദ്യം, 4541.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 484.48 കിലോഗ്രാം കഞ്ചാവ്, 172.74 ഗ്രാം എം ഡി എം എ തുടങ്ങിയവയും കണ്ടെടുത്തു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും നിർമാണവും ഉപഭോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നും മയക്കുമരുന്ന് കാരിയർമാരാകാൻ യുവാക്കളും യുവതികളും തയ്യാറാകുന്ന പ്രവണത വർധിച്ചുവരുന്നുണ്ടെന്നുമാണ് ഈയിടെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ എക്‌സൈസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും വനിതാ കമ്മീഷനും യുവജന ക്ഷേമ സമിതിയുമൊക്കെ കൈകോർത്തുകൊണ്ട് വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. ഇതോടൊപ്പം തന്നെ പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.