articles
പതിനാറാം ധനകാര്യ കമ്മീഷനും കേരളവും
ധനകാര്യ കമ്മീഷന്റെ റിപോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും വലിയ പ്രധാന്യമാണുള്ളത്.
പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും രാജ്യത്താകെ ആരംഭിച്ചിട്ടുണ്ട്. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമ്മീഷൻ റിപോർട്ട് തയ്യാറാക്കുന്നതിനുള്ള മൂന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനകം ഏഴ് സംസ്ഥാനങ്ങൾ കമ്മീഷൻ സന്ദർശിച്ചു. ഡിസംബറോടെ കേരളത്തിൽ എത്തുമെന്നാണ് സൂചന. ധനകാര്യ കമ്മീഷന്റെ റിപോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും വലിയ പ്രധാന്യമാണുള്ളത്. അഞ്ച് വർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാറിൽ നിന്ന് ലഭിക്കേണ്ട ഭരണഘടനാപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്ന് മുതലാണ് കമ്മീഷന്റെ ശിപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക. ധനകാര്യ കമ്മീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ കണക്കുക്കൂട്ടലുകളോടെയാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാറിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയായിരുന്നു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരവും സുപ്രീം കോടതിയിൽ നൽകിയ കേസും ഉൾപ്പെടെയുള്ള നടപടികളെ കേന്ദ്രത്തിൽ നിന്ന് സമാന അവഗണന അനുഭവിക്കുന്ന സംസ്ഥാനങ്ങളും പിന്തുണച്ചു. ഇതിന്റെ തുടർച്ചയായി തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ പങ്കെടുത്ത കോൺക്ലേവ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്. ധനകാര്യ കമ്മീഷന് മുന്നിൽ സമർപ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കവും ധനകാര്യ ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് തിരുവനന്തപുരത്ത് ചേർന്ന കോൺക്ലേവ് ചർച്ച ചെയ്തത്. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വരവ് ചെലവിൽ
വർധിക്കുന്ന അന്തരം
രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ, വികസനവും സാമൂഹികക്ഷേമവും ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ മുഖ്യപങ്കും വഹിക്കുന്നത് സംസ്ഥാനങ്ങളുമാണ്. 2021ലെ കണക്കെടുത്താൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയോജിത വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 63 ശതമാനവും കേന്ദ്ര ഖജനാവിലെത്തി. എന്നാൽ, പൊതുച്ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിച്ചത്. കേന്ദ്രത്തിന്റേതാകട്ടെ 37.6 ശതമാനവും. പൊതുവരവുചെലവിലെ ഈ വിടവിന്റെ ആഴം കാലാകാലം കൂടാനാണ് സാധ്യതയെന്ന് ഭരണഘടനാ ശിൽപ്പികൾതന്നെ മനസ്സിലാക്കിയിരുന്നുവെന്നതാണ് യാഥാർഥ്യം. ഈ അസമത്വം ഒഴിവാക്കാനാണ് അഞ്ച് വർഷത്തിലൊരിക്കൽ നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷനിലൂടെ കേന്ദ്ര-സംസ്ഥാന സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന പ്രക്രിയ ഭരണഘടനയിലൂടെ ഉറപ്പാക്കിയത്. എന്നാൽ, വികസനത്തിന്റെയും വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും അടിസ്ഥാനത്തിൽ, വളർച്ച നേടിയ സംസ്ഥാനങ്ങളുടെ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
വിഭജനങ്ങളിലെ അസന്തുലിതാവസ്ഥ
പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചുനൽകണമെന്നാണ് ശിപാർശ ചെയ്തത്. ഇത് കേന്ദ്ര സർക്കാറിന്റെ ആവശ്യങ്ങൾക്ക് വേണ്ടത്ര പണം ഉറപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്ക് മതിയായ ഉപാധിരഹിത ധനസ്രോതസ്സ് ലഭ്യമാക്കുമെന്നുമായിരുന്നു പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ വിലയിരുത്തൽ. യാഥാർഥ്യം നേർവിപരീതമായിപ്പോയി. പല സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തതിലും കുറവാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കായി നീക്കിവെച്ചത്. ധനകാര്യ കമ്മീഷൻ ശിപാർശകളുടെ ഉദ്ദേശ്യശുദ്ധി പോലും പരിഗണിക്കാതെ നികുതി വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം തന്നെ കൈയടക്കി.
വലിയതോതിൽ ഉയർത്തിയ സെസുകളും സർചാർജുകളും വഴി സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട അറ്റ നികുതി വരുമാനം ഗണ്യമായി കുറച്ചു. 2011-12ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 8.16 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. കഴിഞ്ഞവർഷത്തെ ബജറ്റ് കണക്കിൽ കേന്ദ്ര നികുതി വരുമാനത്തിൽ സെസുകളുടെയും സർചാർജുകളുടെയും വിഹിതം 24.4 ശതമാനമാണ്. 2022-23ലെ ബജറ്റ് കണക്ക് അനുസരിച്ച് 25 ശതമാനവും. 2022 ഡിസംബറിൽ കേന്ദ്ര ധനകാര്യ മന്ത്രി ലോക്സഭയിൽ നൽകിയ ഉത്തരത്തിൽ 2021-22ലെ നികുതി വരുമാനത്തിൽ 28.08 ശതമാനവും സമാഹരിച്ചത് സെസുകളും സർചാർജുകളും വഴിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ സംസ്ഥാനങ്ങൾക്ക് വിഭജിച്ചുനൽകുന്ന ജി എസ് ടി നഷ്ടപരിഹാര സെസും ഉൾപ്പെടുന്നുവെന്നാണ് കേന്ദ്രധന മന്ത്രി ന്യായീകരണമായി പറഞ്ഞത്.
ജി എസ് ടിയും സംസ്ഥാനങ്ങളും
ജി എസ് ടി സമ്പ്രദായത്തെക്കുറിച്ചും നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധനകാര്യ കമ്മീഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ജി എസ് ടിയിലേക്കുള്ള ചുവടു മാറ്റത്തിൽ നികുതി അവകാശങ്ങളുടെ വലിയ ഭാഗം സംസ്ഥാനങ്ങൾക്ക് അടിയറവ് വെക്കേണ്ടിവന്നു. ജി എസ് ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ച ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നികുതി സമ്പ്രദായത്തിന്റെ പോരായ്മമൂലം ഇപ്പോഴും പ്രതീക്ഷിത വളർച്ചാ നിരക്ക് കൈവരിക്കാൻ ജി എസ് ടിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, നഷ്ടപരിഹാരം അവസാനിപ്പിച്ചു. അതിന്റെ പേരിലുള്ള സെസ് പിരിവ് തുടരുകയും ചെയ്യുന്നു. നഷ്ടപരിഹാര സെസ് പിരിവ് കാലാവധിയായ 2026 മാർച്ച് കഴിഞ്ഞ് ഈ വിഷയം പരിഗണിക്കാമെന്നാണ് കേന്ദ്ര സർക്കാർ ജി എസ് ടി കൗൺസിലിൽ എടുക്കുന്ന നിലപാട്.