National
ആന്ധ്രയില്‍ മഴക്കെടുതിയില്‍ 17 മരണം; 100 പേരെ കാണാനില്ല
ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്
ന്യൂഡല്‍ഹി | ആന്ധ്രാപ്രദേശിലെ കനത്ത മഴയില്‍ വെള്ളപ്പൊക്കം തുടരവെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. വെള്ളപ്പൊക്കത്തില്‍ 100 പേര്‍ ഒലിച്ചു പോയി. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
നിരവധി പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്.രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെടുകയും ചെയ്തു.