Connect with us

Gaza Update

ദുരിതാശ്വാസ സാമഗ്രികളുമായി 17 ട്രക്കുകൾ കൂടി ഗസ്സയിലേക്ക് പ്രവേശിച്ചു; ആക്രമണത്തിൽ അയവില്ല; വീണ്ടും പലായനത്തിന് ഇസ്റാഈൽ മുന്നറിയിപ്പ്; മരണം 4600 കടന്നു

ഇന്ധനവുമായെത്തിയ ട്രക്കുകളും ഇതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ യു എൻ ഏജൻസി

Published

|

Last Updated

ഗസ്സ സിറ്റി | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയ മാനുഷിക സഹായങ്ങളുമായുള്ള ട്രക്കുകളുടെ രണ്ടാമത്തെ സംഘം ഗസ്സയിൽ പ്രവേശിച്ചു. ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് ട്രക്കുക്കൾ ഗസ്സയിലേക്ക് കടന്നത്. മെഡിക്കൽ, ദുരിതാശ്വാസ വസ്തുക്കളുമായി എത്തിയ ട്രക്കുകൾക്ക് പുറമെ ഇന്ധനവുമായെത്തിയ ട്രക്കുകളും ഇതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്റാഈൽ ഉപരോധത്തെ തുടർന്ന് കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ഗസ്സക്ക് ഇത് നേരിയ ആശ്വാസം പകരും. എന്നാൽ ഇന്ധന ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ച കാര്യം യുഎൻ സ്ഥിരീകരിച്ചിട്ടില്ല.

17 ട്രക്കുകളാണ് ഇന്ന് ഗസ്സയിലേക്ക് പ്രവേശിച്ചത്. ഇന്നലെ റഫ അതിർത്തി തുറന്നതിന് പിന്നാലെ മാനുഷിക സഹായങ്ങളുമായി എത്തിയ 20 ട്രക്കുകൾ ഗസ്സയിൽ എത്തിയിരുന്നു. ഇതോടെ ഗസ്സയിലേക്ക് ആകെ എത്തിയ ട്രക്കുകളുടെ എണ്ണം 37 ആയി. ഗസ്സയിലെ നിലവിലെ പ്രതിസന്ധിക്ക് അയവ് വരണമെങ്കിൽ ഒരു ദിവസം ചുരുങ്ങിയത് 100 ട്രക്കുകളിലെങ്കിലും സഹായം എത്തിക്കേണ്ടി വരുമെന്നാണ് യുഎൻ കണക്കുകൂട്ടൽ.

ഗാസയിൽ ഇന്ധനം തീർന്നതിനാൽ ഗാസയിലെ ആശുപത്രികളിലെ ഇൻകുബേറ്ററുകളിൽ കുറഞ്ഞത് 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുനിസെഫ് വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായ സ്ഥിതിയിലാണ്. പല ആശുപത്രികളിലും ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയിൽ പരുക്കേറ്റ നിരവധി പേർ മരണമുനമ്പിലാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിനിടയിൽ, ഒരു ബേക്കറിയിൽ നിന്ന് റൊട്ടി വാങ്ങാൻ ക്യൂ നിൽക്കുന്ന ഫലസ്തീനികൾ

ലോകത്തിന്റെ പല കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇസ്റാഈൽ ആക്രമണത്തിൽ ഒരു അയവും വരുത്തിയിട്ടില്ല. ഗസ്സ മുനമ്പിൽ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ 55 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. പലസ്തീൻ പത്രപ്രവർത്തകനായ റുഷ്ദി സർരാജാണ് ഗസ്സയിലെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മരിച്ചത്. ഇപ്പോഴത്തെ സംഘർഷം തുടങ്ങിയതിന് ശേഷം ഇതുവരെ 20ൽ അധികം മാധ്യമപ്രവർത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

അതിനിടെ, ഗസ്സ നിവാസികളോട് ഗസ്സ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ഇസ്രായേൽ സൈന്യത്തിൽ നിന്ന് പുതിയ മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ലെബനനുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലുള്ള 14 കമ്മ്യൂണിറ്റികളെ കൂടി ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി ഇസ്റാഈൽ അധികൃതർ അറിയിച്ചു.

ഇസ്റാഈലും ലെബനനും തമ്മിലുള്ള അതിർത്തിയിലും ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഇസ്റാഈൽ സൈന്യം ഇന്ന് രാവിലെ കുറഞ്ഞത് മൂന്ന് ഫയർ എക്സ്ചേഞ്ചുകളെങ്കിലും റിപ്പോർട്ട് ചെയ്തു. ഇസ്റാഈൽ ആക്രമണങ്ങളിൽ സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾ തകർന്നു. കുറഞ്ഞത് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടു.

തെക്കൻ ഗാസ മുനമ്പിലെ റഫയിൽ വെള്ളമെടുക്കാൻ ആളുകൾ ഒത്തുകൂടുന്നു

ഒക്‌ടോബർ ഏഴിന് ശേഷം ഗാസ മുനമ്പിൽ നശിപ്പിക്കപ്പെട്ട പള്ളികളുടെ എണ്ണം 31 ആയി ഉയർന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 മുതൽ കുറഞ്ഞത് 727 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ സൈന്യം പറയുന്നു. ഫലസ്തീൻ അധികാരികൾ പറയുന്നത് ഈ സംഖ്യ 1000-ത്തിന് മുകളിലാണെന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 117 കുട്ടികളടക്കം 266 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗസ്സ മുനമ്പിൽ ഇസ്റാഈൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള മൊത്തം മരണസംഖ്യ 4,651 ആയി ഉയർന്നു. 14,245 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ മരണം 90 ആയി. പരുക്കേറ്റവർ 1400.

ഹമാസ് ആക്രമണത്തിൽ ഇസ്റാഈൽ പക്ഷത്ത് ഇതുവരെ മരിച്ചത് 1405 പേരാണ്. 5132 പേർക്ക് പരുക്കേറ്റിട്ടുണ്ട്.