International
തുര്‍ക്കി, സിറിയ ഭൂചലനം: 248 മണിക്കൂറിന് ശേഷം പതിനേഴുകാരിയെ രക്ഷപ്പെടുത്തി
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 42,000 ത്തോട് അടുത്തു
അങ്കാറ| ദുരന്ത ഭൂമിയായ തുര്‍ക്കിയില്‍ നിന്നും ഇപ്പാഴും ജീവന്റ തുടിപ്പുകളെ വാരിയെടുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇപ്പോഴിതാ 248 മണിക്കൂറിനു ശേഷം ഒരു പതിനേഴുകാരിയെ കൂടി രക്ഷപ്പെടുത്തിയിരിക്കുന്നു. കഹ്റാമന്‍മാരാസ് പ്രവിശ്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ഇനിയും ജീവനോടെയും അല്ലാതെയും വലിയ വലിയ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കിടക്കുന്നവരുമുണ്ടാകാമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 42,000 ത്തോട് അടുത്തു. രാജ്യത്ത് ആകെ 36,187 പേര്‍ മരിച്ചതായാണ് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കുന്നത്. സിറിയയില്‍ 5800ലധികം പേര്‍ മരിച്ചതായി സിറിയന്‍ സര്‍ക്കാരും ഐക്യരാഷ്ട്രസഭയും അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ സ്ഥിതിയാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്. ഇവിടെ ഭൂകമ്പത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അഞ്ച് ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുവാൻ 397 ദശലക്ഷം ഡോളര്‍ സഹായത്തിനായി യുഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഹായം എത്തിക്കുന്നതിനായി നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് എത്തിയിട്ടുണ്ട്. അല്‍ബേനിയ, കാനഡ, ജര്‍മ്മനി രാജ്യങ്ങളും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂകമ്പങ്ങളിലൊന്നിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഈ നഗരത്തില്‍ നിന്ന് അതിജീവിച്ചയാളാണ് 36 കാരനായ അഹമ്മദ് എഫെ. അദ്ദേഹത്തിന്റെ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . ഇസ്താംബൂളിലെ ഒരു ആരോഗ്യ കമ്പനി സംഭാവന ചെയ്ത കണ്ടെയ്‌നര്‍ ഹൗസിലാണ് ഇപ്പോള്‍ അദ്ദേഹം താമസിക്കുന്നത്. സോളാര്‍ പാനല്‍ ചാര്‍ജറുകള്‍ സ്വന്തമായി എത്തിച്ച് രക്ഷപ്പെട്ട മറ്റുള്ളവരെ അദ്ദേഹം സഹായിക്കുന്നു. കൂടാതെ ഇതില്‍ എങ്ങനെ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഭൂകമ്പസമയത്ത് ഏകദേശം 28,000 ആളുകള്‍ താമസിച്ചിരുന്ന പസാര്‍ക്കിലാണെങ്കില്‍ 450-ലധികം ആളുകള്‍ മരിച്ചു. ഔദ്യോഗിക ജനസംഖ്യ 68,000 ആണെങ്കിലും നിരവധി താമസക്കാര്‍ വിദേശത്ത്, പ്രത്യേകിച്ച് ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നവരാണ്. ഇപ്പോള്‍ നഗരത്തില്‍ 4,000 മുതല്‍ 5,000 വരെ ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഫെബ്രവരി ആറാം തിയ്യതി പുലര്‍ച്ചെയാണ് തുര്‍ക്കി ദുരന്ത ഭൂമിയായി മാറിയത്.നിമിഷ നേരങ്ങള്‍ കൊണ്ട് കെട്ടിടങ്ങെളെല്ലാം ഭൂമിക്കടിയിലേക്ക് പതിക്കുകയായിരുന്നു.അതിനുളളിലുള്ളവര്‍ പോലും ഒന്നുമറിഞ്ഞില്ല.എല്ലാം നിമിഷങ്ങള്‍ കൊണ്ട് തന്നെ നിശ്ചലമായി.