National
17 മാസത്തെ ജയിൽ വാസത്തിന് ശേഷം മനീഷ് സിസോദിയക്ക് മോചനം
സിബിഐയും ഇ ഡിയും ചുമത്തിയ ഡൽഹി മദ്യനയം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം.
ന്യൂഡൽഹി | 17 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ മോചിതനായി. സിബിഐയും ഇ ഡിയും ചുമത്തിയ ഡൽഹി മദ്യനയം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം. വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം തിഹാർജയിലിൽ നിന്ന് പുറത്തിറങ്ങി.
ജയിൽ വളപ്പിൽ നിന്ന് ഇറങ്ങിയ ഉടൻ സിസോദിയയെ ഡൽഹി മന്ത്രി അതിഷിയും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗും അഭിവാദ്യം ചെയ്തു. മുൻ ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാൻ തിഹാർ ജയിലിന് പുറത്ത് നിരവധി എഎപി അനുഭാവികളും തടിച്ചുകൂടിയിരുന്നു.
ഒരു വർഷത്തിലേറെയായി തടവിലായതിനാൽ വേഗത്തിലുള്ള നീതി ലഭിക്കാനുള്ള തൻ്റെ അവകാശം നഷ്‌ടപ്പെട്ടുവെന്നും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും സിസോദിയ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ഉടൻ ജയിൽ മോചിതനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“मैं सुप्रीम कोर्ट का तहे दिल से धन्यवाद करता हूँ जिन्होंने संविधान की ताक़त का इस्तेमाल करते हुए तानाशाही के मुँह पर तमाचा मारा हैं।
आज मैं 17 महीनों बाद जेल से बाहर आया हूँ तो सिर्फ़ और सिर्फ़ संविधान की वजह से। बाबासाहब अंबेडकर के संविधान ने तानाशाही के ख़िलाफ़ लड़ने वालों की… pic.twitter.com/cC8wrBYI3D
— Manish Sisodia (@msisodia) August 9, 2024
“രാവിലെ ജാമ്യം ലഭിച്ച ഉത്തരവ് വന്നതു മുതൽ, എൻ്റെ ചർമ്മത്തിൻ്റെ ഓരോ ഇഞ്ചും ബാബാസാഹബ് അംബേദ്കറോട് കടപ്പെട്ടിരിക്കുന്നു. ബാബാസാഹിബിനോടുള്ള ഈ കടം എങ്ങനെ വീട്ടുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” – തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
“ഞാൻ മാത്രമല്ല ഡൽഹിയിലെ ഓരോ വ്യക്തിയും രാജ്യത്തെ കുട്ടികളും ജയിലിൽ വൈകാരികമായി എന്നോടൊപ്പമുണ്ടായിരുന്നു. ഭരണഘടനയുടെ അധികാരം ഉപയോഗിച്ച് രാജ്യത്തെ സ്വേച്ഛാധിപത്യത്തിന് ശക്തമായ അടി നൽകിയതിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ ഞാൻ സുപ്രീം കോടതിക്ക് നന്ദി പറയുന്നു. – അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഫെബ്രുവരി 26 നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ വിവിധ കോടതികൾ ഏഴ് തവണ തള്ളിയിരന്നു. 2021-22ലെ ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ചായിരുന്നു അറസ്റ്റ്.