National
ഉസ്ബെക്കിസ്താനില്‍ ചുമ മരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ച സംഭവം: മരിയോണ്‍ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കി
മരുന്നുകളുടെ സാമ്പിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും നിലവാരമില്ലാത്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി
നോയിഡ| ഉസ്ബെക്കിസ്താനില്‍ ചുമ മരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരിയോണ്‍ ബയോടെക് ഡോക്-1 കഫ് സിറപ്പ് നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. നോയിഡ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് മരിയോണ്‍ ബയോടെക്ക്. കമ്പനിയുടെ നിര്‍മാണ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയാണ് റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക്-1 കഫ് സിറപ്പ് കുടിച്ച് ഉസ്ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചുവെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം. സംഭവം വിവാദമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് കമ്പനിയുടെ ലൈസന്‍സ് ജനുവരിയില്‍ സസ്പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി കൊണ്ടുള്ള നടപടിയായത്.
സംഭവവുമായി ബന്ധപ്പെട്ട് നോയിഡ പൊലീസ് മാര്‍ച്ച് 3 ന് മരിയോണ്‍ ബയോടെക്കിലെ മൂന്ന് ജീവനക്കാരെ സെക്ടര്‍ 67 ലെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ രണ്ട് ഡയറക്ടര്‍മാര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മരിയോണ്‍ ബയോടെക് മരുന്നുകളുടെ സാമ്പിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും നിലവാരമില്ലാത്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 274, 275, 276, കൂടാതെ സെക്ഷന്‍ 17 എന്നിവയാണ് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.