Connect with us

National

കറാച്ചിയിൽ അജ്ഞാത രോഗം ബാധിച്ച് 18 പേർ മരിച്ചു

കടുത്ത പനി, തൊണ്ടയിൽ വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗികൾ ചികിത്സ തേടിയത്

Published

|

Last Updated

കറാച്ചി | പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ 14 കുട്ടികളടക്കം 18 പേർ അജ്ഞാത രോഗം ബാധിച്ച് മരിച്ചു. ഹെൽത്ത് സർവീസ് ഡയറക്ടർ അബ്ദുൾ ഹമീദ് ജുമാനിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 10 നും 25 നും ഇടയിൽ കെമാരിയിലെ മാവാച്ച് ഗോത്ത് പ്രദേശത്താണ് ആളുകൾ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മാവാച്ച് ഗോത്ത്.

മരണ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ആരോഗ്യ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തുന്നുണ്ട്. മാവാച്ച് ഗോത്ത് തീരപ്രദേശത്തുള്ളതിനാൽ കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖമാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

കടുത്ത പനി, തൊണ്ടയിൽ വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗികൾ ചികിത്സ തേടിയതെന്ന് ജുമാനി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രദേശത്തെ മൂന്ന് ഫാക്ടറികളിൽ നിന്ന് പരിസ്ഥിതി ഏജൻസി സാമ്പിളുകൾ ശേഖരിച്ചതായും ഒരു ഫാക്ടറി ഉടമയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.