Connect with us

National

കാവി ഭരണത്തില്‍ 18 സംസ്ഥാനങ്ങള്‍; 2014ല്‍ ഭരിച്ചിരുന്നത് വെറും ഏഴെണ്ണം മാത്രം

2014ല്‍ നിന്ന് 2018ല്‍ എത്തിയപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി വര്‍ധിച്ചു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ഉയര്‍ത്തിയ 'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്ന മുദ്രാവാക്യമാണ് ഇതിന് ഊര്‍ജം പകര്‍ന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | യുപി ഉള്‍പ്പെടെ 5 ഇലക്ടറല്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ഫലം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടിയതൊഴിച്ചാല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെല്ലാം ബി ജെ പിയുടെ തിരിച്ചുവരവാണ് കണ്ടത്. നിലവില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം നടത്തുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോഴും അതില്‍ മാറ്റമില്ല.

2014 മെയ് മാസത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലാണ് ബിജെപി ഉണ്ടായിരുന്നത്. 545ല്‍ 337 സീറ്റുകളും നേടിയാണ് അന്ന് മോദി അധികാരത്തിലെത്തിയത്. ആ സമയം 14 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം. ഇതിനുശേഷം, 2015 നും 2017 നും ഇടയില്‍, യുപി, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ബിജെപിയും സഖ്യ കക്ഷികളും സര്‍ക്കാര്‍ രൂപവതകരിച്ചു.

2014ല്‍ നിന്ന് 2018ല്‍ എത്തിയപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി വര്‍ധിച്ചു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ഉയര്‍ത്തിയ ‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്ന മുദ്രാവാക്യമാണ് ഇതിന് ഊര്‍ജം പകര്‍ന്നത്. ഇതോടെ എന്‍ഡിഎ സഖ്യം ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ കീഴടക്കുന്നതാണ് കണ്ടത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എന്‍ഡിഎ തിരിച്ചുവരവ് നടത്തി. ഇതോടെയാണ് 2018ന്റെ തുടക്കത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നത്.

2018 ന്റെ തുടക്കത്തില്‍, ബിജെപിയെ സംബന്ധിച്ചിടത്തോളം എല്ലാം നന്നായി നടന്നുവെങ്കില്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം സ്ഥിതിയില്‍ മാറ്റം സംഭവിച്ചു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതുകൂടാതെ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ വീണു. എന്നാല്‍ പിന്നീട് കര്‍ണാടക, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. ഇതനുസരിച്ച് 2019ല്‍ 17 സംസ്ഥാനങ്ങളിലേക്ക് ബിജെപി ചുരുങ്ങി.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ബിജെപിയും സഖ്യകക്ഷികളും ഭരണത്തിലുണ്ടായിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി സര്‍ക്കാര്‍ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ഈ നിലയില്‍ മാറ്റമുണ്ടായിട്ടില്ല. പഞ്ചാബ് കൂടി പിടിച്ച് 19 സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പാക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നുവെങ്കിലും എഎപി തോരോട്ടത്തില്‍ അത് പരാജയപ്പെട്ടു.

 

Latest