Kerala
യൂട്യൂബിലെ ഭക്ഷണക്രമം പിന്തുടര്‍ന്നു; കണ്ണൂരില്‍ 18കാരിക്ക് ദാരുണാന്ത്യം
യുവതിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്ന് കണ്ടെത്തല്‍

കണ്ണൂര്‍ | യൂട്യൂബില്‍ കണ്ട അശാസ്ത്രീയമായ ഭക്ഷണക്രമം പിന്തുടര്‍ന്ന 18 കാരിക്ക് ദാരണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപത്തെ കൈതേരിക്കണ്ടി വീട്ടില്‍ എം ശ്രീനന്ദയാണ് ചികിത്സക്കിടെ മരണപ്പെട്ടത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.
വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്നു. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് കണ്ടെത്തല്‍. പഠനത്തില്‍ മിടുക്കിയായ ശ്രീനന്ദ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു അവസാന നാളുകളില്‍ ജീവന്‍ നിലനിര്‍ത്തിയത്.