Petrol Diesel Price
18 തവണ ഇന്ധന നികുതി വർധിപ്പിച്ച് ഒരു തവണ കുറച്ച ഉമ്മൻ ചാണ്ടിയാണോ മാതൃകയെന്ന് ധനമന്ത്രി
മോദി സർക്കാർ 30 രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഇളവായി കാണരുതെന്നും സംസ്ഥാനത്ത് ഇനി ഇന്ധന നികുതി കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി | ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും ഒരു തവണ മാത്രമാണ് കുറച്ചതെന്നും ഇതാണോ മാതൃകയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു. കഴിഞ്ഞ ആറ് വർഷമായി ഒരു അണാപൈസ ഇന്ധന നികുതി ഇടത് സർക്കാർ വർധിപ്പിച്ചിട്ടില്ല. എന്നാൽ, ഒരു തവണ നികുതി കുറച്ചിട്ടുമുണ്ട്. വർധിപ്പിക്കാത്ത ഇന്ധന നികുതി കുറക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മോദി സർക്കാർ 30 രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഇളവായി കാണരുതെന്നും സംസ്ഥാനത്ത് ഇനി ഇന്ധന നികുതി കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ട് രൂപ കുറച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ കുറഞ്ഞത് ആനുപാതികമായല്ലെന്നും സംസ്ഥാനം ഇന്ധന നികുതി കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ. വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4000 കോടി രൂപ സർക്കാർ നൽകി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.