Ongoing News
ഈ വര്‍ഷം ഹജ്ജിനെത്തിയത് 18,33,164 തീര്‍ഥാടകര്‍
16,11,310 വിദേശ തീര്‍ഥാടകരും, 2,21,854 ആഭ്യന്തര തീര്‍ഥാടകരുമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്.
മിന/അറഫ | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ 18,33,164 തീര്‍ഥാടകര്‍ പങ്കെടുത്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കര-കടല്‍-വ്യോമ തുറമുഖങ്ങള്‍ വഴി പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയത്. 16,11,310 വിദേശ തീര്‍ഥാടകരും, 2,21,854 ആഭ്യന്തര തീര്‍ഥാടകരുമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്.
ആകെ തീര്‍ഥാടകരില്‍ 958,137 പേര്‍ പുരുഷന്മാരും 875,027 പേര്‍ സ്ത്രീകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 22.3 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 63.3 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 11.3 ശതമാനവും യൂറോപ്പ്, അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയയിടങ്ങളില്‍ നിന്ന് 3.2 ശതമാനവും തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്.
15,46,345 തീര്‍ഥാടകര്‍ ജിദ്ദ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിന്‍സ് സുല്‍ത്താന്‍ അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ്, ദമാം വിമാനത്താവളങ്ങള്‍ വഴിയും, 60,251 തീര്‍ഥാടകര്‍ കര മാര്‍ഗവും 4,714 തീര്‍ഥാടകര്‍ കടല്‍ മാര്‍ഗവുമാണ് എത്തിച്ചേര്‍ന്നത്.
2012 ലാണ് സഊദിയുടെ ചരിത്രത്തിലാദ്യമായി റെക്കോര്‍ഡ് തീര്‍ഥാടകര്‍ ഹജ്ജിനെത്തിയത്. 3,161,573 പേരായിരുന്നു അന്ന് കര്‍മ്മങ്ങളില്‍ പങ്കെടുത്തത്.
ഈ വര്‍ഷം ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഇന്ത്യയില്‍ നിന്നാണ്- 1,75,025 പേര്‍.