Connect with us

Uae

ദുബൈ വ്യോമയാന മേഖലയിൽ 185,000 പുതിയ തൊഴിലവസരങ്ങൾ

മഹാമാരിക്ക് ശേഷം വ്യോമയാന മേഖല ശക്തമായി തിരിച്ചുവന്നു.

Published

|

Last Updated

ദുബൈ | 2030 ഓടെ ദുബൈയിൽ വ്യോമയാന മേഖലയിൽ 185,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബൈ എയർപോർട്ട്സും വ്യക്തമാക്കി. വ്യോമയാനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ 816,000 ആയി വർധിക്കും.
ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കോണമിക്സ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ദുബൈ സമ്പദ്്വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ച് തയ്യാറാക്കിയതാണ് പഠനം. ഏകദേശം 631,000 പേർ വ്യോമയാന സംബന്ധമായ ജോലി ചെയ്യുന്നു. ഇത് 2023 അവസാനത്തോടെ അഞ്ചിൽ ഒരാൾക്ക് തുല്യമാകും.

329,000 തൊഴിലവസരങ്ങൾ ഏവിയേഷൻ-ഫെസിലിറ്റഡ് ടൂറിസത്തിന്റെ ഭാഗമാണ്. ഈ മേഖലയിൽ നേരിട്ട് 103,000 തൊഴിലവസരങ്ങൾ നൽകുന്നു. കഴിഞ്ഞ വർഷം 2,300 കോടി ദിർഹം വേതനം നൽകി.

ഞങ്ങളുടെ വളർച്ചാ പദ്ധതികൾ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

മഹാമാരിക്ക് ശേഷം വ്യോമയാന മേഖല ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ നാല് വർഷമായി ദുബൈയുടെ വളർച്ചാ കഥയിലെ പ്രധാന ചാലകങ്ങളിലൊന്നാണ്.  എമിറേറ്റ്സ്, ഫ്ലൈ ദുബൈ എന്നിവ പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർത്തതിനാൽ തൊഴിൽ ശക്തി വിപുലീകരിച്ചു.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് പൂർണപ്രവർത്തന ശേഷിയിൽ എത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും.നിർമാണ പദ്ധതി ജി ഡി പിയിലേക്ക് 2030ൽ 610 കോടി ദിർഹം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു ശതമാനത്തിന് തുല്യമാണ്. 132,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. ആ വർഷം ദുബൈയിൽ തൊഴിലിന്റെ 3.7 ശതമാനത്തിന് തുല്യമാണ്.

12,800 കോടി ദിർഹം ചെലവ് വരുന്നതാണ് പുതിയ വിമാനത്താവളം. ദുബൈ ഇന്റർനാഷണലിന്റെ അഞ്ചിരട്ടി വലുപ്പമുള്ളതായിരിക്കും. ആദ്യ ഘട്ടം പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാകും. 400-ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ ഉൾക്കൊള്ളും. പ്രതിവർഷം 26 കോടി യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷി കൈവരിക്കും.

എമിറേറ്റ്സ് എയർലൈൻ, ദുബൈ എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030 ഓടെ ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രവചിച്ചിരുന്നു.