Uae
ഗസ്സയിൽ നിന്ന് പരുക്കേറ്റവർ അടക്കം 188 പേർ കൂടി യു എ ഇയിലെത്തി
ഇസ്റാഈലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെറം ഷാലോം ക്രോസിംഗ് വഴിയാണ് വിമാനം എത്തിയത്.

അബൂദബി | ഗസ്സ മുനമ്പിൽ നിന്നും പരുക്കേറ്റ 81 പേരെയും കാൻസർ രോഗികളെയും യു എ ഇയിലെത്തിച്ചു.ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് 24-ാമത് ഒഴിപ്പിക്കൽ വിമാനം അബൂദബിയിലെത്തിയത്. അവരുടെ 107 കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.
ഇസ്റാഈലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെറം ഷാലോം ക്രോസിംഗ് വഴിയാണ് വിമാനം എത്തിയത്. യു എ ഇ ആശുപത്രികളിൽ ഇവർക്ക് ചികിത്സ ഒരുക്കും.യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശ പ്രകാരം മുനമ്പിൽ നിന്നുള്ള 1,000 പരുക്കേറ്റ ഫലസ്തീൻ കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും യു എ ഇ ആശുപത്രികളിൽ ചികിത്സയും സംരക്ഷണവും നൽകുന്നതിന്റെ ഭാഗമാണിത്.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള പരുക്കേറ്റവരെയും ആശുപത്രികളിലേക്ക് മാറ്റി. ശേഷിക്കുന്ന രോഗികളെയും കൂട്ടാളികളെയും താമസസ്ഥലമായ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി.