Connect with us

National

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും; എം പിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്നും നാളെയുമായി പുതിയ എം പി മാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ്  എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.ബിജെപി എംപിയായ ഭര്‍തൃഹരി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം എം പിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 280 എംപിമാരാണ്
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ബാക്കിയുള്ള 263 എംപിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപി മാരും ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

വയനാട് എം പി സ്ഥാനം ഒഴിഞ്ഞതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി എം പി ആയിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. വിദേശ സന്ദര്‍ശനത്തിലായതിനാല്‍ ശശി തരൂര്‍ എം പി ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.

അതേ സമയം പാര്‍ലമെന്റിലെ ഏറ്റവും സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടേം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചു. ഡിഎംകെയും പിന്മാറാന്‍ സമ്മതമറിയിച്ചു. ബിജെപിയുടേത് തെറ്റായ കീഴ് വഴക്കമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റിന്റെ വളപ്പില്‍ എത്താന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിമാര്‍ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക. ഭരണഘടനയുടെ ചെറിയ പതിപ്പുമായി പാര്‍ലമെന്റിലെത്താനാണ് കോണ്‍ഗ്രസ് എം പി മാരുടെ നീക്കം.

ബുധനാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നടക്കും. നിലവിലെ സ്പീക്കര്‍ ഓം ബിര്‍ല, ആന്ധ്രയില്‍ നിന്നുള്ള ബിജെപി എംപി പുരന്ധരേശ്വരി എന്നിവരെയാണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പീകര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

 

Latest