National
തെലങ്കാനയിലെ എസ്ബിഐയില്‍ ഇടപാടുകാര്‍ പണയം വച്ച 19 കിലോ സ്വര്‍ണം മോഷണം പോയി
13 കോടിയിലധികം മൂല്യമുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
വാറങ്കല്‍| തെലങ്കാനയിലെ വാറങ്കലിലെ റായപാര്‍ഥി മണ്ടലിലെ എസ്ബിഐയില്‍ നിന്ന് ഇടപാടുകാര്‍ പണയം വച്ച 19 കിലോ സ്വര്‍ണം മോഷണം പോയി. 13 കോടിയിലധികം മൂല്യമുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്. ബേങ്കിന്റെ ഗ്രില്ലുകളും റിയര്‍ ഡോറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് ലോക്കര്‍ റൂമിലേക്കും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സംഘം കടന്നാണ് കവര്‍ച്ച നടത്തിയത്.
ബാങ്കിലെ സിസിടിവി സിസ്റ്റം മോഷ്ടാക്കള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും മോഷ്ടിച്ചിട്ടുണ്ട്. രാവിലെ ബേങ്ക് ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 13 കോടിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ബേങ്ക് ഓഡിറ്റര്‍ വിശദമാക്കി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘമാണ് പരിഗണിക്കുന്നത്.
അതേസമയം മോഷണ വിവരം അറിഞ്ഞ് ഇടപാടുകാര്‍ ബേങ്കിലേക്കെത്തി പ്രശ്‌നമുണ്ടാക്കി. ഇവരെ ബേങ്കിന് അകത്തേക്ക് കയറാന്‍ പോലീസ് അനുവദിച്ചില്ല. ബേങ്കിലേയും പരിസര മേഖലയിലേയും സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്.