National
ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും 190 ജീവനക്കാരെ തിരികെ എത്തിച്ചു; നയതന്ത്രജ്ഞര്‍ തുടരും
എല്ലാ നയതന്ത്രജ്ഞരും ബംഗ്ലാദേശില്‍ തുടരുകയാണെന്നും നയതന്ത്രദൗത്യങ്ങള്‍ തുടരുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു
ന്യൂഡല്‍ഹി | കലാപ കലുഷിതമായ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും നിരവധി ജീവനക്കാരേയും അവരുടെ കുടുംബങ്ങളേയും ഇന്ത്യയില്‍ തിരികെ എത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലാണ് 190 ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുവന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം എല്ലാ നയതന്ത്രജ്ഞരും ബംഗ്ലാദേശില്‍ തുടരുകയാണെന്നും നയതന്ത്രദൗത്യങ്ങള്‍ തുടരുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.ഏകദേശം 20-30 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ധാക്കയിലെ ഹൈക്കമ്മീഷനില്‍ തുടരുന്നുണ്ട്.
ധാക്കയിലെ ഹൈക്കമ്മീഷന്‍ കൂടാതെ, ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെത് എന്നിവിടങ്ങളില്‍ ഇന്ത്യയ്ക്ക് അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളോ കോണ്‍സുലേറ്റുകളോ ഉണ്ട്.ഏകദേശം 10,000 ഇന്ത്യക്കാര്‍ നിലവില്‍ ബംഗ്ലാദേശില്‍ താമസിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നയതന്ത്ര ദൗത്യങ്ങളിലൂടെ ഇവരുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
അക്രമബാധിത രാജ്യത്തുള്ള 10,000 ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബംഗ്ലാദേശിലെ സാഹചര്യം അത്ര ഭയാനകമല്ലെന്ന് സര്‍വകക്ഷി യോഗത്തിനിടെ പാര്‍ലമെന്റില്‍ എംപിമാരെ അഭിസംബോധന ചെയ്ത് ജയശങ്കര്‍ പറഞ്ഞു. തിങ്കളാഴ്ച ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ അവരുടെ വസതിയില്‍ അതിക്രമിച്ച് കയറി അക്രമങ്ങള്‍ നടത്തി. അവാമി ലീഗിന്റെ പ്രധാന ഓഫീസ് അഗ്‌നിക്കിരയാക്കുകയും ചെയ്തു.ബംഗ്ലാദേശിലുടനീളം അവാമി ലീഗ് നേതാക്കളുടെ 20 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.