National
1984 ലെ സിഖ് കലാപം: കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി
ഡൽഹിയിലെ ഗുരുദ്വാരയായ പുൽ ബംഗാഷിന് സമീപം സിഖുകാരെ കൊല്ലാൻ ആള്ക്കൂട്ടത്തെ പ്രേരിപ്പിച്ചത് ജഗദീഷ് ടൈറ്റ്ലറാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

ന്യൂഡൽഹി | 1984ലെ സിഖ് കലാപക്കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. ഡൽഹിയിലെ ഗുരുദ്വാരയായ പുൽ ബംഗാഷിന് സമീപം സിഖുകാരെ കൊല്ലാൻ ആള്ക്കൂട്ടത്തെ പ്രേരിപ്പിച്ചത് ജഗദീഷ് ടൈറ്റ്ലറാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
സിഖുകാരെ കൊല്ലാൻ ടൈറ്റ്ലർ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നും അതിന്റെ ഫലമായി പുൽ ബംഗാഷിനെ ജനക്കൂട്ടം അഗ്നിക്കിരയാക്കുകയും സിഖ് സമുദായത്തിൽപ്പെട്ട മൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഠാക്കൂർ സിങ്ങ്, ബാദർ സിങ്ങ്, ഗുരുചരൺ സിങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കോണ്ഗ്രസ് നേതാവ് കാറിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത് കണ്ടതായി ദൃക്സാക്ഷി പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
നേരത്തെ ടൈറ്റ്ലർക്ക് ക്ലീൻചിറ്റ് നൽകി മൂന്ന് റിപ്പോർട്ടുകൾ സിബിഐ നൽകിയിരുന്നെങ്കിലും അതെല്ലാം കോടതി തള്ളിക്കളഞ്ഞു. മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 2015 ഡിസംബർ 4നാണ് കോടതി നിർദ്ദേശപ്രകാരം കേസിൽ അന്വേഷണം പുനഃരാരംഭിച്ചത്. കോടതിയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം.