From the print
20 ദിന പാക്കേജ് ആവശ്യം പ്രവാസികൾക്ക് വേണ്ടി; ഹാജിമാർക്ക് സഊദിയിൽ നേരത്തേ കെട്ടിടങ്ങളെടുക്കുന്നു
ഈ മാസം 23ന് ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വിളിച്ചുചേർത്ത യോഗത്തിൽ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും.
കോഴിക്കോട്| അടുത്ത വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് സഊദിയിൽ മികച്ച താമസസൗകര്യമൊരുക്കാൻ നേരത്തേ കെട്ടിടങ്ങളെടുക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിടങ്ങൾ പരിശോധിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതതല സംഘം ഉടൻ സഊദിയിലേക്ക് യാത്ര തിരിക്കും. ഈ മാസം 23ന് ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വിളിച്ചുചേർത്ത യോഗത്തിൽ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. സഊദിയിൽ ഹാജിമാർക്ക് താമസ സൗകര്യമൊരുക്കുന്നതിന് സന്ദർശനം നടത്തുന്ന സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികളിൽ നിന്ന് ഈ വർഷം മുതൽ രണ്ട് വീതം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും സൗകര്യപ്രദമാകുന്ന കെട്ടിടങ്ങളെടുക്കുന്നതിന് അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. മികച്ച കെട്ടിടങ്ങളെടുക്കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉന്നതതല സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുൻ ഹജ്ജ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി. ഇത് പ്രകാരം ഓരോ സംസ്ഥാനങ്ങളിൽ നിന്നും ഉന്നതതല സംഘത്തിൽ ഉൾപ്പെടുത്തേണ്ട രണ്ട് പ്രതിനിധികളെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കത്തയച്ചിരുന്നു. ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരാണ് കേരളത്തിൽ നിന്ന് സംഘത്തിലുണ്ടാകുക. അടുത്ത വർഷത്തെ ഹജ്ജ് ആക്്ഷൻ പ്ലാൻ പ്രകാരം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഉന്നതതല സംഘത്തിന്റെ സന്ദർശനം നടക്കേണ്ടത്. ഒക്‌ടോബറിൽ സന്ദർശനം നടന്നിട്ടില്ല.
അതേസമയം, ഹജ്ജിന് പോകുന്നവർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ കേന്ദ്രത്തിന് സമർപ്പിക്കും. ഈ മാസം 23ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുക. പ്രവാസികളായ ഹജ്ജ് യാത്രികർക്ക് വേണ്ടി 20 ദിവസത്തെ പാക്കേജ് കൂടി ഉൾപ്പെടുത്തുക എന്നത് അതിൽ പ്രധാനപ്പെട്ടതാണ്. നിലവിൽ 40-45 ദിവസം വരെയാണ് ഹജ്ജ് യാത്ര. ഇത് നിലനിർത്തിക്കൊണ്ടാണ് 20 ദിവസമെന്ന മറ്റൊരു പാക്കേജ് കൂടി വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുക. ഹജ്ജ് യാത്ര 40-45 ദിവസം വരെ നീളുന്നത് വഴി ചില പ്രവാസി ഹാജിമാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് നിലവിലുള്ള പാക്കേജിന് പുറമെ 20 ദിവസമെന്ന പാക്കേജ് കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഹജ്ജ് കമ്മിറ്റി ഈ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. മിനയിലും അറഫയിലും കേരളീയ ഭക്ഷണത്തിനുള്ള സംവിധാനമേർപ്പെടുത്തണമെന്നതും ടെൻഡുകളിൽ ആളെ കുറക്കണമെന്നതുമാണ് കേരളത്തിന്റെ മറ്റ് പ്രധാന ആവശ്യങ്ങൾ. പാശ്ചാത്യഭക്ഷണങ്ങൾ കേരളീയരായ ഹാജിമാർക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം വീണ്ടും ഉന്നയിക്കുന്നത്. 20 പേർക്കുള്ള ടെൻഡുകളിൽ 30 പേർ വരെ ഉണ്ടാകുന്നത് ഹാജിമാർക്ക് അസൗകര്യങ്ങളുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു.