Uae
ദുബൈയിൽ റഡാറിൽ പതിഞ്ഞത് 20 ദശലക്ഷം നിയമലംഘനങ്ങൾ
ആശങ്ക വർധിപ്പിച്ച് നഗരത്തിലെ സ്ഥിതിവിവരക്കണക്കുകൾ

ദുബൈ | യു എ ഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റോഡിലെ നിയമലംഘന സ്ഥിതിവിവരക്കണക്കുകൾ ദുബൈയിലെ റോഡ് സുരക്ഷയിലെ ആശങ്കാജനകമായ പ്രവണത വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ദുബൈയിലെ റഡാറുകൾ 2,070,338 ലംഘനങ്ങൾ രേഖപ്പെടുത്തി. റോഡ് സുരക്ഷാ നടപടികൾ വർധിപ്പിക്കേണ്ടതിന്റെയും പൊതുജന അവബോധം മെച്ചപ്പെടുത്തേണ്ടതിന്റെയും വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്.
അപകടങ്ങളുടെ പ്രധാന കാരണങ്ങളിലേക്കും സ്ഥിതിവിവരക്കണക്കുകൾ വെളിച്ചം വീശുന്നു. പെട്ടെന്നുള്ള ലൈൻ മാറ്റങ്ങളാണ് ലംഘനങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇത് 676 അപകടങ്ങൾക്ക് കാരണമായി.സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടത് 518 അപകടങ്ങൾക്കും കാരണമായി.രണ്ട് ദശലക്ഷത്തിലധികം ഡ്രൈവർമാർ മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി ലംഘിച്ചു.
റഡാർ നിയമലംഘനങ്ങൾക്ക് പിന്നാലെ അനുചിതമായ പാർക്കിംഗ് കേസുകൾ 154,948 രേഖപ്പെടുത്തി.ഗതാഗത അടയാളങ്ങളും റോഡ് നിയമങ്ങളും പാലിക്കാത്തതിന്റെ ഫലമായി 129,263 നിയമലംഘനങ്ങളും ഉണ്ടായി.മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ച 95 ഡ്രൈവർമാർ പിടിയിലായി. ചുവപ്പ് സിഗ്‌നൽ മറികടന്ന 34,542 എണ്ണം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 87,321 ഡ്രൈവർമാർ വാഹനമോടിക്കുന്നവരിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായി പിടിക്കപ്പെട്ടു.
സീറ്റ് ബെൽറ്റ് ധരിക്കാത്ത 64,233 ഡ്രൈവർമാരെയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വാഹനമോടിച്ചതിന് 63,156 നിയമലംഘനങ്ങളെയും പിടികൂടി. 60,367 ഡ്രൈവർമാർ അനധികൃത സ്ഥലങ്ങളിൽ തിരിഞ്ഞും 35,233 കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.സുരക്ഷിതമായ ഡ്രൈവിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗതാഗത നിയമലംഘനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ദുബൈ പോലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ‌് നിരവധി മുൻകരുതൽ നടപടികളും അവബോധ ക്യാമ്പയിനുകളും നടത്തിവരുന്നുണ്ട്.