From the print
20 പോലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാക്കുന്നു
സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ കുറഞ്ഞത് 12 വീതം അത്യാധുനിക സി സി ടി വി ക്യാമറകളും മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.

തിരുവനന്തപുരം | സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ കുറഞ്ഞത് 12 വീതം അത്യാധുനിക സി സി ടി വി ക്യാമറകളും മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മുഴുവൻ ജില്ലാ അതിർത്തികളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗെനൈസേഷൻ സിസ്റ്റം (എ എൻ പി ആർ)ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള 10 വനിതാ സ്റ്റേഷനുകൾക്ക് പുറമേ പത്തനംത്തിട്ട, ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ നാല് വനിതാ പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി 6304 സൈബർ വളണ്ടിയർമാരെ രജിസ്റ്റർ ചെയ്ത് പരിശീലനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.