Connect with us

Ongoing News

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത; സമാർട് സേവനങ്ങളുമായി വരുന്നു ഇത്തിഹാദ് റെയിൽ

Published

|

Last Updated

ദുബൈ | മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന സ്മാർട്ട് സേവനങ്ങളടങ്ങുന്ന പാസഞ്ചർ ട്രെയിൻ സർവീസ് 2030 ഓടെ പൂർത്തീകരിക്കാനൊരുങ്ങുകയാണ് യു എ ഇ. വൈ-ഫൈ, വിനോദ സംവിധാനങ്ങൾ, ചാർജിംഗ് പോയിന്റുകൾ, വിവിധ ഭക്ഷണ-പാനീയ വിതരണ സ്ഥലങ്ങൾ തുടങ്ങിയ സ്മാർട്ട് സേവനങ്ങളാണ് ഇത്തിഹാദ് റെയിൽ പാതയിലെ പാസഞ്ചർ ട്രെയിനുകളിൽ ഒരുക്കുക.

ഇത്തിഹാദ് റെയിൽ പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ മാതൃക അധികൃതർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.  നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും പശ്ചാത്തലത്തിൽ ചുവന്ന, ഇത്തിഹാദ് റെയിൽ ലോഗോ ആലേഖനം ചെയ്ത വെള്ളി, ചാര നിറങ്ങളിലായിരിക്കും ട്രെയിനുകൾ എന്ന് ചിത്രം സൂചിപ്പിക്കുന്നു.

പ്രതിവർഷം 36 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  400 ഓളം ആളുകളെ വഹിക്കുന്ന ട്രെയിൻ സർവീസ് പടിഞ്ഞാറ് സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിലുടനീളം 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ചില സ്റ്റേഷനുകൾ നഗരങ്ങളിൽ നിർമിക്കുമെങ്കിലും ഏതൊക്കെയെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. “ആളുകൾക്ക് ഒത്തുകൂടാൻ കഴിയുന്ന നഗര കേന്ദ്രങ്ങളായാണ് ഞങ്ങൾ സ്റ്റേഷനുകളെ കാണുന്നത്”- ഇത്തിഹാദ് റെയിൽ പാസഞ്ചർ സെക്ടറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷിമി പറഞ്ഞു. സ്റ്റേഷനുകൾ പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും നഗരവികസനത്തിന്റെ ഭാഗമാവുകയും ചെയ്യും.

അബൂദബി -ദുബൈ പാതയിൽ റെയിൽ പാളം എമിറേറ്റ്സ് റോഡ് ( മോട്ടോർവേയ്ക്ക് സമാന്തരമായിരിക്കും. മക്തൂം വിമാനത്താവളം കടന്ന് വടക്ക് എക്‌സ്‌പോ റോഡിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള ജംഗ്ഷനിലേക്ക് എക്‌സ്‌പോ 2020 ദുബൈ സൈറ്റിൽ നിന്ന് അധിക ദൂരമുണ്ടാകില്ല. ബസ്സുകളും മെട്രോയും പോലെ നിലവിലുള്ള പൊതുഗതാഗതവുമായി റെയിൽവേയെ ഏതെങ്കിലും വിധത്തിൽ സംയോജിപ്പിക്കും. അബുദബിക്കും ദുബൈക്കുമിടയിൽ 50 മിനിറ്റും അബുദബിയിൽ നിന്ന് ഫുജൈറയിലേക്കു 100 മിനിറ്റും പ്രതീക്ഷിക്കാം.

ഷായിലെയും ഹബ്‌ഷാനിലെയും ഗ്യാസ് ഫീൽഡുകളെ റുവൈസുമായി ബന്ധിപ്പിക്കുന്ന ചരക്ക് സർവീസ് 2016 ൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം രണ്ടാം ഘട്ടം സഊദി അറേബ്യയുടെ അതിർത്തിയിലുള്ള ഗുവൈഫാത്തിൽ നിന്ന് കിഴക്കൻ തീരത്തെ ഫുജൈറയിലേക്ക് 1,200 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമാണം തുടരുകയാണ്.

---- facebook comment plugin here -----

Latest