From the print
സ്‌കൂളുകളില്‍ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി ലഭ്യമാക്കും: മന്ത്രി വി ശിവന്‍കുട്ടി
കൈറ്റിന് പുതിയ ഓപറേറ്റിംഗ് സിസ്റ്റം
കൊച്ചി | സാങ്കേതിക രംഗത്ത് അനുനിമിഷം വരുന്ന മാറ്റങ്ങള്‍ സ്‌കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സ്‌കൂളുകളിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനവും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ സ്‌കൂളുകളില്‍ നല്‍കിയിട്ടുള്ള 9,000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെയാണിത്. ഒക്ടോബര്‍ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐ ടി ക്ലബ് അംഗങ്ങള്‍ക്ക് കൈറ്റ് നല്‍കുന്ന റൊബോട്ടിക് കിറ്റ് ഉപയോഗിച്ച് സ്വയം പഠിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും ആ വിദ്യ മറ്റ് സഹപാഠികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് സ്വന്തമായി ഒരു ഓപറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്. അതിനു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ അധ്യാപകര്‍ നടത്തിയ ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോള്‍ പ്രകാശനം ചെയ്യുന്നത്. സ്വതന്ത്ര സോഫ്്റ്റ്്വെയര്‍ ഉപയോഗിച്ചതിലൂടെ 3,000 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കസ്റ്റമൈസ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റവും പാഠ്യപദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്ന സോഫ്റ്റ്്വെയറുകളുമാണ് ക്ലാസ്സുകളില്‍ ഉപയോഗിക്കുന്നത്. ഓരോ വിഷയത്തിനും സഹായകമായ ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയത് നമ്മുടെ അധ്യാപകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.