Kerala
54 പോളിടെക്‌നിക്കുകളുടെ അംഗീകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള 54 പോളിടെക്‌നിക്കുകളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ആരംഭിച്ചു. സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് കൗണ്‍സില്‍ പോളിടെക്‌നിക്കുകളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്.
സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ എ ഐ സി ടി ഇക്ക് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സത്യമല്ലാത്ത വിവരങ്ങളാണ് മിക്ക സ്ഥാപന മേധാവികളും നല്‍കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ വ്യക്തമാണെന്നതിനാല്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അറിവോടെയാണ് സ്ഥാപന മേധാവികള്‍ ഇത്തരത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കുന്നത്.
മാനദണ്ഡങ്ങള്‍ പ്രകാരം അധ്യാപകര്‍ക്ക് ഇതുവരെ ലഭിക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെ ആറാം ശമ്പള കമ്മീഷന്‍ പേ ബാന്‍ഡ് നാല് നല്‍കുന്നുണ്ട് എന്നു കാണിച്ചാണ് പ്രിന്‍സിപ്പല്‍മാര്‍ സത്യവാങ്മൂലം നല്‍കുന്നത്. ഓരോ സ്ഥാപനവും എ ഐ സി ടിയില്‍ നിന്ന് നേരിട്ട് അംഗീകാരം വാങ്ങണം എന്ന വ്യവസ്ഥയനുസരിച്ചാണ് ഇത് തയ്യാറാക്കിയത്. എന്നാല്‍, തങ്ങള്‍ക്ക് അര്‍ഹമായ ശമ്പളം ലഭിക്കുന്നില്ലെന്ന വിവരം പോളിടെക്‌നിക്കുകളിലെ ചില അധ്യാപകര്‍ തന്നെ എ ഐ സി ടി ഇയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് എ ഐ സി ടി ഇ ഇപ്പോള്‍ കടുത്ത നടപടികള്‍ക്കുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങളുടെ ഭാഗമായി കേരളത്തില്‍ അധ്യാപകരുടെ എണ്ണം വെട്ടിച്ചുരുക്കി എ ഐ സി ടി ഇ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുകയും സെമസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകരുടെ യോഗ്യത വര്‍ധിപ്പിക്കുകയും പോളിടെക്‌നിക്കുകളുടെ പേര് പോളിടെക്‌നിക്ക് കോളജുകള്‍ എന്നാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ശമ്പള സ്‌കെയിലും ഉപരിപഠന സാധ്യതകളും നടപ്പാക്കിയിരുന്നില്ല.