Connect with us

Editors Pick

ഫാബ്‌ലെറ്റുകള്‍ക്ക് പ്രിയമേറുന്നു

Published

|

Last Updated

സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമല്ല, ഇപ്പോള്‍ പ്രിയമേറുന്നത് ഫാബ്‌ലെറ്റുകള്‍ക്കാണ്. ഈ ഗണത്തില്‍പെടുന്ന സാംസംഗിന്റെ ഗ്യാലക്‌സി നോട്ടിന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്.
സ്മാര്‍ട്ട് ഫോണിന്റെയും ടാബ്‌ലറ്റിന്റെയും ഗുണങ്ങള്‍ ഒരുമിക്കുന്ന ഡിവൈസുകളാണ് ഫാബ്‌ലെറ്റുകള്‍ എന്നറിയപ്പെടുന്നത്. സ്മാര്‍ട്ട് ഫോണിനും ടാബ്‌ലെറ്റിനും ഇടയിലായി അഞ്ച് ഇഞ്ച് മുതല്‍ ഏഴ് ഇഞ്ച് വരേയായിരിക്കും ഇവയുടെ സ്‌ക്രീന്‍ വലുപ്പം. ടാബ്‌ലെറ്റുകളുടെ അത്ര കനവും ഇവയ്ക്കുണ്ടാകില്ല. കൊണ്ടുനടക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഒരേസമയം ഫോണായും ടാബ്‌ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ രണ്ട് ഡിവൈസുകള്‍ക്ക് പകരമായി ഒരു ഫാബ്‌ലറ്റ് സ്വന്തമാക്കിയാല്‍ മതി.
2012ല്‍ മാത്രം ലോകത്താകമാനം 25.6 ദശലക്ഷം ഫാബ്‌ലറ്റുകളാണ് വിറ്റഴിക്കപ്പെട്ടതെന്ന് കോളറാഡോയിലെ ഇന്‍ഫര്‍മേഷന്‍ ഹാന്‍ഡ്‌ലിംഗ് സര്‍വീസസ് ഇന്‍കോര്‍പ്പറേഷന്‍ (ഐ എച്ച് എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഇത് 60.4 ദശലക്ഷമായും 2016ല്‍ 146 ദശലക്ഷമായും ഈ കണക്ക് ഉയരുമെന്നും ഐ എച്ച് എസ് ചൂണ്ടിക്കാട്ടുന്നു.
2010ല്‍ ഡെല്‍ പുറത്തിറക്കിയ, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീക്ക് ആണ് ഫാബ്‌ലറ്റുകളുടെ ശ്രേണിയിലെ ഒന്നാമന്‍. അഞ്ച് ഇഞ്ച് സ്‌ക്രീന്‍, അഞ്ച് എം പി റിയര്‍ ക്യാമറ, വി ജി എ റസല്യൂഷന്‍ ഫ്രന്റ് ക്യാമറ, ഡ്യുവല്‍ എല്‍ ഇ ഡി ഫഌഷ് തുടങ്ങിയവയായിരുന്നു ഇതിന്റെ സവിശേഷതകള്‍. എന്നാല്‍ സ്ട്രീക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചില്ലെങ്കിലും കൂടുതല്‍ ഫാബ്‌ലെറ്റുകളുടെ വരവിന് അത് വഴിയൊരുക്കി. സ്മാര്‍ട്ട് ഫോണുകളുടെ സ്‌ക്രീന്‍ വലുപ്പം പരമാവധി 3 ഇഞ്ചില്‍ എത്തിനില്‍ക്കുന്ന കാലത്താണ് ഡെല്‍ അഞ്ച് ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ ഫാബ്‌ലെറ്റ് പുറത്തിറക്കിയതെന്ന് ഓര്‍ക്കണം.
പിന്നീട് 2011ല്‍ സാംസംഗ് പുറത്തിറക്കിയ ഗ്യാലക്‌സി നോട്ടാണ് ഫാബ്‌ലറ്റ് വിപണിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നത്. 5.3 ഇഞ്ച് വലുപ്പത്തിലുള്ള സ്‌ക്രീനുമായി ഇറങ്ങിയ ഗ്യാലക്‌സി നോട്ട് ആദ്യ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഒരു ദശലക്ഷം യൂനിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 4ജി എല്‍ ടി ഇ സപ്പോര്‍ട്ടോടു കൂടി നോട്ടിന്റെ അടുത്ത പതിപ്പും സാംസംഗ് വിപണിയിലെത്തിച്ചു. ഒന്‍പത് മാസത്തിനുള്ളില്‍ പത്ത് മില്യന്‍ യൂനിറ്റായിരുന്നു ഇതിന്റെ വില്‍പ്പന. ഇതോടെ ഗ്യാലക്‌സി നോട്ട് 2 എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സാംസംഗ് പുറത്തിറക്കിയ ഫാബ്‌ലെറ്റാണ് ഇപ്പോള്‍ വിപണിയിലെ താരം. 1.6 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, 5.55 ഇഞ്ച് സ്‌ക്രീന്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ സൗകര്യം തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍. രണ്ട് മാസത്തിനുള്ളില്‍ ഇത് വിറ്റുപോയത് അഞ്ച് ദശലക്ഷം യൂനിറ്റുകള്‍!.
സാംസംഗിന്റെ ഫാബ്‌ലെറ്റുകള്‍ വെന്നിക്കൊടി പാറിച്ചതോടെ മറ്റു കമ്പനികളും ഫാബ്‌ലെറ്റ് വിപണിയിലേക്ക് കടന്നു. ഒപ്റ്റിമസ് വി യു എന്ന പേരില്‍ എല്‍ ജിയും ജെ ബട്ടര്‍ ഫ്‌ളൈ എന്ന പേരില്‍ എച്ച് ടി സിയും ഫാബ്‌ലെറ്റുകള്‍ വിപണിയിലെത്തിച്ചു. ജെ ബട്ടര്‍ ഫ്‌ളൈയെ ഒരു ഫാബ്‌ലെറ്റായി എച്ച് ടി സി പരിചയപ്പെടുത്തുന്നില്ലെങ്കിലും ഫാബ്‌ലെറ്റിന്റെ എല്ലാ സവിശേഷതകളും ഇതിനുണ്ട്.
ഫാബ്‌ലെറ്റ് ശ്രേണിയില്‍ കൂടുതല്‍ ഡിവൈസുകള്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന അസൂസിന്റെ ആദ്യ ഫാബ്‌ലറ്റായ ഫോണ്‍പാട്, ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിച്ച സോണിയുടെ എക്‌സ്പീരിയ ഇസഡ്, 6.1 ഇഞ്ച് സ്‌ക്രീനോട് കൂടി ഹുവായ് പ്രദര്‍ശിപ്പിച്ച അസെന്റ് മേറ്റ് എന്നിവ അധികം വൈകാതെ തന്നെ വിപണിയിലെത്തും.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest