National
2ജി കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു: ജെ പി സി
![](https://assets.sirajlive.com/2013/02/2G-spectrum-base.jpg)
ന്യുഡല്‍ഹി: ഉന്നതര്‍ ഉള്‍പ്പെട്ട 2ജി സ്‌പെക്ട്രം കുംഭകോണക്കേസില്‍ വിദേശങ്ങളില്‍ സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ സംയുക്ത പാര്‍ലിമെന്റെറി കമ്മിറ്റി (ജെ പി സി) അംഗങ്ങള്‍ അതിയായ ആശങ്ക രേഖപ്പെടുത്തി.
2 ജി സ്‌പെക്ട്രം അനുവദിച്ചു കിട്ടാനും അര്‍ഹതപ്പെട്ടതിലേറെ സ്‌പെക്ട്രം കൈക്കലാക്കാനും ചില ടെലികോം സ്ഥാപനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് പണം ഒഴുക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് വിശദാംശങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലേക്ക് അഭ്യര്‍ഥനാരൂപത്തിലുള്ള കത്തയച്ചതായി സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റിയെ സി ബി ഐ അറിയിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതില്‍ കമ്മിറ്റി അംങ്ങള്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അസന്തുഷ്ടി അറിയിച്ചു.
കേസില്‍ ഇന്ത്യയിലെ അന്വേഷണങ്ങള്‍ പൂര്‍ത്തിയായെന്നും വിദേശങ്ങളിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു സി ബി ഐയുടെ മറുപടി.
മലേഷ്യ, ബ്രിട്ടന്‍, മൗറീഷ്യസ്, ബെര്‍മുഡ എന്നീ രാജ്യങ്ങളിലേക്കാണ് 2012 ഏപ്രില്‍ 11ന് സി ബി ഐ കത്തയച്ചത്. ഇന്റര്‍പോള്‍, ബന്ധപ്പെട്ട ഹൈക്കമ്മീഷനുകള്‍ എന്നിവ മുഖേനയാണ് അവയില്‍ മറുപടിക്ക് ശ്രമിച്ചതെന്ന് കഴിഞ്ഞ ആഴ്ച നടന്ന ജെ പി സി യോഗത്തില്‍ സി ബി ഐ അറിയിച്ചിരുന്നു.
സ്‌പെക്ട്രം അനുവദിച്ചുകിട്ടിയ ഏതാനും ടെലികോം സ്ഥാപനങ്ങള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നറിയാനാണ് കത്തയച്ചത്. ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിന്ന് മറുപടി ലഭിച്ചശേഷമേ ഇക്കാര്യത്തില്‍ സമഗ്രമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കാനാകൂ എന്നായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരുടെ മറുപടി. എന്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചതായി സി ബി ഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. ചില രാജ്യങ്ങള്‍ കത്തിന്മേല്‍ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. മൗറീഷ്യസില്‍ നിന്ന് മറുപടി ലഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നും ബെര്‍മുഡയില്‍ നിന്നും ഭാഗികമായ മറുപടിയാണ് ലഭിച്ചത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണ്. വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി ബി ഐ അറിയിച്ചു. മലേഷ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ സി ബി ഐ സംഘം രണ്ട് തവണ അവിടം സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അന്വേഷണത്തിന് സഹായകമായ വിശദാംശങ്ങളൊന്നും സി ബി ഐക്ക് ഇതുവരെ ലഭിച്ചതായി വിവരമില്ല.