Connect with us

Ongoing News

സ്വര്‍ഗീയ വിരുന്നൊരുക്കി കാഞ്ഞിരക്കൊല്ലി

Published

|

Last Updated

സ്വന്തം ലേഖകന്‍Sasipara_LRപയ്യാവൂര്‍: നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാഞ്ഞിരക്കൊല്ലി മലനിരകള്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറില്‍ സഞ്ചാരികളേറെയെത്തുന്ന പ്രകൃതിഭംഗിയാര്‍ന്ന പ്രദേശമാണ് തളിപ്പറമ്പ് താലൂക്കിലെ കിഴക്കന്‍ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലി. അടുത്ത കാലത്തായാണ് കാഞ്ഞിരക്കൊല്ലിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് സഞ്ചാരികള്‍ കാഞ്ഞിരക്കൊല്ലിയുടെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇവിടെയെത്താറുണ്ട്. കൊടക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നതാണ് ഈ മലമ്പ്രദേശത്തെ ശ്രദ്ധിക്കാനിടയാക്കിയത്. കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലേക്ക് നവംമ്പര്‍ മുതല്‍ സഞ്ചാരികളുടെ വന്‍ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും കോടമഞ്ഞും നീലക്കുറിഞ്ഞിയുടെ വസന്തകാലവും കുളിര്‍മയേകി ഒഴുകുന്നു വെള്ളച്ചാട്ടങ്ങളും കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.
കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവ സഞ്ചാരികളുടെ മനം കവരും. കോടമഞ്ഞ് നിറഞ്ഞ ഈ പ്രദേശത്ത് നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വതയും സഞ്ചാരികളെ ഇവിടേക്ക് ധാരാളമായി ആകര്‍ഷിക്കുന്നു. അതിര്‍ത്തിവനത്തിലൂടെയുള്ള യാത്രയും സഞ്ചാരികളിഷ്ടപ്പെടുന്നു. വിദേശികളുള്‍പ്പെടെ നിരവധിപ്പേരാണ് നിത്യേന കാഞ്ഞിരക്കൊല്ലിയിലെത്തുന്നത്. കണ്ണൂരില്‍ നിന്ന് ഇരിട്ടി വഴിയും പയ്യാവൂര്‍ വഴിയും കാഞ്ഞിരക്കൊല്ലിയിലെത്താം. പയ്യാവൂരില്‍ നിന്ന് മുത്തപ്പന്റെ ആരൂഢമെന്നറിയപ്പെടുന്ന കുന്നത്തൂര്‍പാടി വഴിയാണ് കാഞ്ഞിരക്കൊല്ലിയിലെത്തുക.
ദൃശ്യാനുഭൂതി പകര്‍ന്ന് ഒഴുകുന്ന അളകാപുരി വെള്ളച്ചാട്ടമാണ് കാഞ്ഞിരക്കൊല്ലിയിലെ വെള്ളച്ചാട്ടങ്ങളില്‍ പ്രധാനം. കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം ഏലപ്പാറ വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്നു. വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു വീടിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഇതിന് അളകാപുരി എന്ന പേര് വന്നത്. മഴക്കാലത്തെ ശക്തിയേറിയ ഈ വെള്ളച്ചാട്ടം വേനല്‍ക്കാലത്തും നീര്‍ച്ചാലായി നിലനില്‍ക്കും. അളകാപുരിക്ക് സമീപത്തായി ആനതെറ്റി ഉള്‍പ്പെടെയുള്ള നിരവധി കൊച്ചു വെള്ളച്ചാട്ടങ്ങളുണ്ട്. ആനയുടെ പുറമെന്ന് തോന്നിപ്പിക്കുന്ന വലിയപാറയുടെ മുകളിലൂടെയുള്ളതാണ് ആനതെറ്റി വെള്ളച്ചാട്ടം.
വിദേശികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് നിത്യേന കാഞ്ഞിരക്കൊല്ലിയിലേക്ക് എത്തുന്നത്. വിനോദസഞ്ചാരത്തിലൂടെ വലിയ വികസന സാധ്യതകളാണ് പഞ്ചായത്തിനുള്ളത്. എന്നാലും സഞ്ചാരികളെ വരവേല്‍ക്കാനായി വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതുവരെ കഴഞ്ഞിട്ടില്ല. വികസനകാര്യത്തില്‍ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ഈ പഞ്ചായത്തില്‍ എല്ലായിടത്തും വൈദ്യുതി എത്തിയില്ല എന്നത് വലിയ പോരയ്മയാണ്. വൈദ്യുതി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വികസന രംഗത്ത് ഒരു വലിയ സാധ്യതയാണുള്ളത്. സഞ്ചാരികള്‍ക്കായി താമസസൗകര്യങ്ങളുടെ കാര്യത്തിലും ഇവിടെ ഇപ്പോള്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. താമസത്തിനും ക്ഷണത്തിനുമായി അരുവി എന്ന സ്വകാര്യ സംരഭം മാത്രമാണുള്ളത്. ഗതാഗതസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഈ പ്രദേശത്ത് വാഹനസൗകര്യം കുറവാണെന്നതും വലിയ പോരായ്മയാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ വിനോദസഞ്ചാര രംഗത്ത് ഈ പ്രദേശത്തിന് വലിയ സാധ്യയാണുള്ളത്.

---- facebook comment plugin here -----

Latest