International
പെഷാവറില്‍ സ്‌ഫോടനം; അഞ്ച് മരണം
ഇസ്‌ലാമാബാദ്: ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ സ്‌ഫോടനം. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പെഷാവറിലെ ഗോത്ര മേഖലയിലെ പാക് സര്‍ക്കാറിന്റെ പ്രതിനിധി മുത്തഹിര്‍സബ് ഖാനിന്റെ ഓഫീസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സുരക്ഷാ ഉദ്യോഗസ്ഥരാണ് കൂടുതല്‍. ഓഫീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചെത്തിയ ചാവേറാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ആയുധധാരികളായ സംഘം തുടരെ ത്തുടരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ പാക് താലിബാനാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. താലിബാനെതിരെയുള്ള പോരാട്ടത്തില്‍ പാക് സര്‍ക്കാറിനെ പിന്തുണക്കുന്ന പെഷാവറിലെ ഗോത്ര നേതാക്കളെയും പ്രതിനിധികളെയും ലക്ഷ്യം വെച്ച് അടുത്തിടെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നതായും ഇതിന് പിന്നില്‍ താലിബാനായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.