Thiruvananthapuram
എം എല്‍ എമാര്‍ക്ക് മര്‍ദനം; വനിതാ എസ് ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ എസ് ഐ. കെ കെ രമണിയെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഡ്യൂട്ടി ലീഡര്‍ക്കായതിനാലാണ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയശേഷമാണ് തീരുമാനമെടുത്തത്.
മര്‍ദിച്ച പോലീസുകാരുടെ പേര് പ്രതിപക്ഷം പറയാത്തതിനാല്‍ സസ്‌പെന്‍ഷന്‍ സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, സസ്‌പെന്‍ഷന്‍ ആവശ്യമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അച്ചടക്ക നടപടിക്ക് നിര്‍ബന്ധിതമായത്. ഈ വിഷയമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.
കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടിയെടുത്ത് അറിയിക്കാമെന്ന ആഭ്യന്തര മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വനിതാ എം എല്‍ എമാരുടെ സത്യഗ്രഹം താത്കാലികമായി പ്രതിപക്ഷം പിന്‍വലിക്കുകയായിരുന്നു. നടപടിക്ക് പകരം അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സഭയില്‍ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. വൈകിയെങ്കിലും നടപടിയെടുത്തതില്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.