Connect with us

Sports

സന്തോഷ് ട്രോഫി: കേരളത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

കൊച്ചി: ജമ്മുകാശ്മീരിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സന്തോഷ്‌ട്രോഫിയില്‍ കേരളം അരങ്ങേറ്റം ഗംഭീരമാക്കി. ഏജീസ് താരം ആര്‍ കണ്ണനാണ് കേരളത്തിന്റെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളും നേടിയതെങ്കിലും പ്ലേമേക്കറായ ടി സജിത്താണ് കളിയിലെ താരം.

തടിമിടുക്കിലും വേഗത്തിലും കേരള താരങ്ങള്‍ മികച്ചു നിന്നെങ്കിലും ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ മികച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ലഭിച്ച അവരസങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും ആതിഥേയര്‍ പിഴവുകള്‍ വരുത്തി.
കളിയുടെ ആദ്യനിമിഷം തന്നെ ഒരു മിന്നലാക്രമണത്തോടെയാണ് കേരളം തുടങ്ങിയത്. പന്തുമായി മിന്നല്‍പിണര്‍ പോലെ മുന്നേറിയ കണ്ണന്‍ ആദ്യമിനുട്ടില്‍ തന്നെ ഗ്യാലറിയില്‍ ആവേശമുയര്‍ത്തി. തൊട്ടുപിന്നാലെ ഉസ്്മാന്റെ ലോംഗ് റേഞ്ച് ഷോട്ട് നെറ്റിന് മുകളിലൂടെ മൂളിപ്പറന്നതു കാണികള്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. തൊട്ടടുത്ത മിനുട്ടുകളില്‍ പ്രത്യാക്രമണത്തിലൂടെ ജമ്മുകാശ്മീര്‍ നയം വ്യക്തമാക്കി. ചടുലമായ നീക്കങ്ങളിലൂടെ ഇരു ടീമുകളും ആക്രമിച്ചു കളിച്ചപ്പോള്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ കണ്ട പതിവ് വിരസതഅകന്നു. കേരളത്തെ ഒരു ഘട്ടത്തില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ തളച്ചിടാന്‍ കാശ്മീരിന്റെ ചുണക്കുട്ടന്‍മാര്‍ക്ക് കഴി്ഞ്ഞു.
35ാം മിനുട്ടില്‍ തുറന്ന അവസരം പാഴാക്കിയ ആര്‍ കണ്ണന്‍ 37-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ പ്രായശ്ചിത്തം ചെയ്തു. ജോണ്‍സണ്‍ നല്‍കിയ പാസുമായി മുന്നേറിയ കണ്ണന്റെ കണ്ണഞ്ചിക്കുന്ന ഷോട്ട് ഗോളിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പെ നെറ്റില്‍ പതിക്കുകയായിരുന്നു.(1-0) ഗോള്‍ പിറന്നതോടെ കേരളത്തന്റെ മുന്നേറ്റ നിര തിരമാല പോലെ കാശ്മീര്‍ ഗോള്‍മുഖത്ത് ആഞ്ഞടിച്ചു. കണ്ണനും ഉസ്മാനും ജോണ്‍സനും ലഭിച്ച അവസരങ്ങള്‍ കാശ്മീര്‍ ഗോളി രക്ഷപ്പെടുത്തി. കേരളം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് കണ്ടുകൊണ്ടാണ് ആദ്യപകുതി അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കം കളിവീണ്ടും മന്ദഗതിയിലായി. 42-ാം മിനുട്ടില്‍ ജോണ്‍സന്റെ ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിന്റെ മൂലയിലൂടെ കടന്നു പോയി. സുമേഷും അഹമ്മദ് മാലികും ചേര്‍ന്ന് നടത്തിയ നീക്കം ഗോളില്‍ കലാശിക്കുമെന്ന് തോന്നിയെങ്കിലും പന്ത് ഗോളിയുടെ കൈയില്‍ വിശ്രമിച്ചു. കാശ്മീരിന്റെ ഗോള്‍ മുഖം വിജനമായി നില്‍ക്കെ മധ്യനിരയില്‍ നന്ന് ഉസ്മാന്‍ ഒറ്റക്ക് പന്തുമായി നടത്തിയ മുന്നേറ്റം ഗ്യാലറിയില്‍ ആവേശം വിതറിയെങ്കിലും ബോക്‌സിന് പുറത്തേക്ക് അഡ്വാന്‍സ് ചെയ്ത ഗോളി പന്ത് തട്ടിയകറ്റി.
62ാം മിനുട്ടില്‍ കണ്ണന്‍ വീണ്ടും കാശ്മീരിനെ ഞെട്ടിച്ചു. കാശ്മീരിന്റെ ഗോള്‍ മുഖത്ത് ഉസ്മാന്‍ നടത്തിയ അപകടകരമായ ഒരു നീക്കം ഗോളി കഷ്ടിച്ച് രക്ഷപ്പെടുത്തിയെങ്കിലും ഗോളിയുടെ കൈയില്‍ നിന്ന് ചോര്‍ന്ന പന്ത് കണ്ണന്‍ കൃത്യതയോടെ വലയിലേക്ക് തൊടുത്തുവിട്ടു(2-0).
പരുക്കിന്റെ പിടിയില്‍ നിന്ന് പരിപൂര്‍ണ മോചിതനല്ലാത്ത കണ്ണന്‍ രണ്ടാം പകുതിയുടെ ആദ്യ പാദം കഴിഞ്ഞതോടെ തളര്‍ന്നു. 83ാം മിനുട്ടില്‍ കണ്ണന് പകരം ഇറങ്ങിയ വിനീത് ആന്റണി ഇടതുവിംഗിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നു പോയി. തൊട്ടുപിന്നാലെ നസറുദ്ദീന്‍ ഇടതുവിംഗില്‍ നിന്ന് ഗോള്‍ മുഖത്തേക്ക് നല്‍കിയ പാസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വിനീത് പുറത്തേക്ക് അടിച്ചു കളഞ്ഞു. അടുത്ത നിമിഷം വിനീത് മറ്റൊരു അവസരം കൂടി പാഴാക്കി. മുന്നേറ്റ നിരയില്‍ കേരളത്തിന്റെ ഒത്തിണക്കമില്ലായ്മ കളിയുടെ അവസാന നിമിഷങ്ങളില്‍ പ്രകടമായി. അപ്പോഴെല്ലാം കാണികളുടെ നീരസം ഗാലറിയില്‍ പ്രകടമായി. വാരണാസിയില്‍ ക്ലസ്റ്റര്‍ ജയിച്ച ജമ്മുകാശ്മീരിന് പക്ഷെ കേരളത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ കാണിച്ച ആസൂത്രണ മികവ് പിന്നീടങ്ങോട്ട് അവര്‍ കൈവിട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ പരുക്കന്‍ അടവുകള്‍ ഇരു ടീമുകളും പുറത്തെടുത്ത മത്സരത്തില്‍ നാല് തവണയാണ് റഫറി അംജദ് ഖാന് മഞ്ഞകാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്.
മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും പന്ത് ലക്ഷ്യത്തിലെത്തിക്കാനും ലഭിച്ച അവരസങ്ങള്‍ മുതലാക്കാന്‍ പലപ്പോഴും കേരളത്തിന് കഴിയാതെ പോയതും കാശ്മീര്‍ ഗോളി വിക്രംജിത് സിംഗ് ബാറിന് കീഴില്‍ അസാമാന്യമികവ് പ്രകടിപ്പിച്ചതുമാണ് കേരളത്തിന്റെ ലീഡ് ഉയര്‍ത്തുന്നതില്‍ തടസ്സമായി നിന്നത്.

Latest