Kozhikode
കുറ്റിയാടി മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു

കുറ്റിയാടി: താലൂക്ക് ആശുപത്രി പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ഇതോടെ ജനം ഭീതിയിലായി. മഞ്ഞപ്പിത്തം ബാധിച്ച് ആദ്യം ചികിത്സ തേടിയെത്തിയത് നരിപ്പറ്റ, വേളം പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് കാവിലുംപാറ, കായക്കൊടി, മരുതോങ്കര, കുറ്റിയാടി പഞ്ചായത്തുകളില്‍ നിന്നും നിരവധി പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കെത്തിയത് ജനങ്ങളോടൊപ്പം ആരോഗ്യവകുപ്പ് അധികൃതരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം കാവിലുംപാറ പഞ്ചായത്തില്‍ നിന്ന് എട്ട് പേരും കായക്കൊടി പഞ്ചായത്തില്‍ നിന്ന് മൂന്ന് പേരും ചികിത്സ തേടി താലൂക്ക് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനുവരിയില്‍ താലൂക്ക് ആശുപത്രി പരിധിയില്‍ 23 കേസുകളും ഈ മാസം 16 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യം മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച നരിപ്പറ്റ, വേളം പഞ്ചായത്തുകളിലെ രോഗബാധ ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മഞ്ഞപ്പിത്തം പകരുന്നത് കുടിവെള്ളത്തില്‍ കൂടിയും ഭക്ഷണപദാര്‍ഥങ്ങളില്‍ കൂടിയുമാണെന്നാണ് അധികൃതര്‍ പറയുന്നത്. വീട്ടില്‍ നിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരിലും കല്യാണം, സല്‍ക്കാരം പോലുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരിലുമാണ് മഞ്ഞപ്പിത്തബാധ കൂടുതലും കണ്ടുവരുന്നതത്രെ. ഐസ്‌ക്രീം, ഉപ്പിലിട്ടത്, അച്ചാറുകള്‍, ചില ശീതളപാനീയങ്ങള്‍ കഴിക്കുന്നവരിലും രോഗം അതിവേഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗം പടരാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.