Kozhikode
നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ പാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ച കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ ദുരിതമാകുന്നു. കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴയോടെ ഈ ദുരിതം വര്‍ധിച്ചു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പ്ലാസ്റ്റിക് തീയിട്ട് നശിപ്പിക്കുന്നതിനും തൊഴിലാളികളും സാധാരണ ജനങ്ങളും മടിക്കുകയാണ്.
മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ ശുചീകരണ തൊഴിലാളികള്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുന്നതും ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെയാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുകളും ഈച്ചകളും പെരുകുന്നതും വര്‍ധിച്ചിട്ടുണ്ട്. നഗരത്തിന്റെ മിക്ക ഓടകളിലും ഇപ്പോള്‍ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുതള്ളിയ നിലയിലാണ്. മഴ കൂടുന്നതോടെ ഇത് രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പദ്ധതി തുടക്കത്തില്‍ തന്നെ ഒന്നുമല്ലായിപ്പോയ പദ്ധതികളുടെ കൂട്ടത്തില്‍ സ്ഥാനം നേടി. മുപ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം തടയുന്നതിന് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുമായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ആദ്യ ദിവസങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ജനങ്ങളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് നഗരസഭയിലുള്‍പ്പെടെ പദ്ധതി താളം തെറ്റി. കച്ചവട സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തി പ്ലാസ്റ്റിക് ക്യാരീബാഗുകള്‍ കണ്ടെടുത്ത് നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും വേഗത കുറഞ്ഞു. കച്ചവടക്കാര്‍ ഇപ്പോള്‍ പരസ്യമായി മുപ്പത് മൈക്രോണില്‍ താഴെയുള്ള ക്യാരീബാഗുകള്‍ വില്‍പ്പന നടത്തുകയാണ്.
പലചരക്ക് വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ എളുപ്പം പൊതിഞ്ഞു നല്‍കാന്‍ കഴിയുമെന്നതിനാലും വില താരതമ്യേന കുറവാണെന്നതിനാലും നാട്ടിന്‍പുറങ്ങളിലെ കടകളില്‍ പോലും പ്ലാസ്റ്റിക് സഞ്ചികള്‍ വ്യാപകമായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവയുടെ ഉപയോഗം കുറക്കുന്നതിനും ആദ്യഘട്ടം പ്രചാരണം സഹായകമായെങ്കിലും അതു സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമായത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. അവ മിക്കപ്പോഴും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയായി മാറുകയായിരുന്നു.
കുടുംബശ്രീകള്‍ മുഖേനയും സന്നദ്ധ സംഘടനകള്‍ മുഖേനയും ഇത്തരത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏതെങ്കിലും ഒരു പൊതുസ്ഥലത്ത് കുന്നു കൂട്ടിയിടുകയായിരുന്നു. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് പ്രത്യേകം യൂനിറ്റുകള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിരലില്ലെണ്ണാവുന്നവക്ക് മാത്രമാണ് ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭിച്ചത്. സഹായം ലഭിച്ചവര്‍ക്കുപോലും നാമമാത്രമായ ലഭിച്ച തുകകൊണ്ട് പദ്ധതി ആരംഭിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ഫലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ ബാധ്യതയായി മാറുകയായിരുന്നു.
എല്ലാ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പറേഷന്‍ ഓഫീസ് പരിധിയിലും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂനിറ്റുകള്‍ സ്ഥാപിക്കുകയും അതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയും ചെയ്താല്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും ഏറെ പഴികേള്‍ക്കേണ്ടിവന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാം ഘട്ടം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്.