Connect with us

Eranakulam

ഇതാ സൗരോര്‍ജ സോളാര്‍ ബാഗുകള്‍

Published

|

Last Updated

കൊച്ചി:ദൂരയാത്രയില്‍ മൊബൈലും ലാപ്‌ടോപും ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട് നമുക്ക്. വീട്ടിലോ ഓഫീസിലോ ആണെങ്കിലും ഏതു സമയത്താണ് പവര്‍കട്ട് വരിക എന്ന് പറയാനും പറ്റില്ല. എന്നാലിതാ സൂര്യപ്രകാശമുപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാവുന്ന സോളാര്‍ ബാഗുകള്‍ ചാര്‍ജിംഗുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇതിന് ബാറ്ററി ബാക്കപ്പും ലഭിക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊച്ചിയിലെ ലെ മെറിഡിയനില്‍ സംഘടിപ്പിച്ച “സേവ് പവര്‍” എക്‌സിബിഷനിലാണ് വിവിധ കമ്പനികള്‍ സോളാര്‍ ബാഗ് അവതരിപ്പിച്ചത്.

വിവിധ കമ്പനികളുടെ ബാഗുകള്‍ എക്‌സിബിഷനിലുണ്ട്. ബാറ്ററി ബാക്ക് അപ്പ് അനുസരിച്ച് വില നിലവാരത്തിലും വ്യത്യാസമുണ്ട്. സോളാസ്റ്റിക എന്ന കമ്പനിയുടെ ബാഗിന് 5999 രൂപയാണ് വില. എം പി ത്രി, ഐപാഡ്, ലാപ് ടോപ്, മൊബൈല്‍ എല്ലാം ഇതില്‍ ചാര്‍ജ് ചെയ്യാം. വാരീ എന്ന കമ്പനിയുടെ ബാഗിന് 3500 രൂപ. പുരുഷന്‍മാര്‍ക്ക് മാത്രമുള്ള ബാഗുകളല്ല ഉള്ളത്. സ്ത്രീകള്‍ക്കുള്ള വാനിറ്റി ബാഗുകളിലും ഈ സംവിധാനമുണ്ട്.
സാധാരണ ബാഗുകള്‍ക്കുള്ളത്രയും ഭാരം മാത്രമേ സോളാര്‍ ബാഗുകള്‍ക്കും ഉള്ളൂവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈദ്യുതിയുടെ ഉപഭോഗം കുറച്ച് ബദല്‍ മാര്‍ഗം കണ്ടെത്താനായി സര്‍ക്കാര്‍ ഇത്തരമൊരു എക്‌സിബിഷനുമായി രംഗത്തു വന്നിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വേണ്ട വിധത്തില്‍ ഉപയോഗിച്ച് വൈദ്യുതി ഉപയോഗം പരമാവധി കുറക്കാന്‍ പറ്റിയ സംവിധാനങ്ങളും എക്‌സിബിഷനില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറും എക്‌സിബിഷനില്‍ ഉണ്ട്. വില അല്‍പം കൂടുതലാണെന്നുമാത്രം ബാറ്ററി ബാക്കപ്പ് ഓട് കൂടിയ ഇന്റക്ഷന്‍ കുക്കറിന് വില 1.6 ലക്ഷം രൂപ. വീടുകളില്‍ സോളാര്‍ റൂഫിംഗ് വൈദ്യുതി ലഭിക്കുമെന്ന് മാത്രമല്ല, വീടിനുള്ളിലേക്ക് കടക്കുന്ന ചൂടിനെയും പ്രതിരോധിക്കാന്‍ സോളാര്‍ റൂഫിംഗ് വഴി സാധ്യമാകും. ഹൗസ് ബോട്ടുകളില്‍ സോളാര്‍ റൂഫിംഗ് ഉപയോഗിക്കുക വഴി ഇന്ധന ലാഭവും വെള്ളം മലിനമാകുന്നതും തടയാന്‍ കഴിയും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഈ മേളയിലൂടെ സോളാര്‍ വസ്തുക്കളുടെ വിപണനരംഗത്ത് വന്‍ കുതിച്ചു ചാട്ടത്തോടൊപ്പം വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ കുറവുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Latest