Eranakulam
സൂര്യനെല്ലി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും: സര്‍ക്കാര്‍
കൊച്ചി:സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹീനമായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയത്. കേസിന്റെ ഗൗരവ സ്വഭാവവും വിചാരണ കോടതിയുടെ ശിക്ഷാ വിധിയും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി.
വിചാരണ കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടാന്‍ പ്രതികള്‍ക്ക് അവകാശമില്ല. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ വിചാരണ കോടതി മുമ്പാകെ കീഴടങ്ങിയ ശേഷമാകണം ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിചാരണ കോടതിയുടെ ശിക്ഷാ വിധി നിലനില്‍ക്കുന്നതിനാല്‍ പ്രതികള്‍ക്ക് നിരപരാധിത്വം അവകാശപ്പെടാനാകില്ല. 40 ദിവസങ്ങളോളം പെണ്‍കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച പ്രതികളുടെ പ്രവൃത്തി ഗൗരവത്തോടെ കാണണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സൂര്യനെല്ലി കേസില്‍ വിചാരണാ കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ പത്രിക സമര്‍പ്പിച്ചത്.
സുപ്രീം കോടതിയില്‍ നിന്നും കേസ് രേഖകള്‍ എത്താതതിനെത്തുടര്‍ന്ന് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ മാസം 15ലേക്ക് മാറ്റി. പ്രതികളുടെ അപ്പീലില്‍ അന്തിമ വാദം ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് ജസ്റ്റിസ് കെ ടി ശങ്കരനും എം എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികള്‍ മരണപ്പെട്ടതായി പ്രതി ഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.